ഓണാവധിക്ക് കോഴിക്കോട് കാണാനിറങ്ങിയാലോ?; വിവിധ ടൂറിസ്റ്റ് സ്‌പോട്ടുകളിതാ…

ശിഖ ചന്ദ്രന്‍

അങ്ങനെ വീണ്ടും ഒരു കുഞ്ഞവധിക്കാലം കൂടി വരവായി. ഈ ഓണാവധി കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊത്തും പങ്കിടാന്‍ ആയിരിക്കും നിങ്ങള്‍ ഒരുങ്ങുന്നത്. പലപ്പോഴും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി പോകാന്‍ സാധിക്കുന്ന നല്ലയിടങ്ങള്‍ കിട്ടാനാണ് ഏറെ പ്രയാസം. എന്നാല്‍ ഈ അവധിക്കാലം ആനന്ദകരമാക്കാന്‍ മലബാറിലെ കോഴിക്കോട് ജില്ലയിലേക്ക് ഒന്നു പോയാലോ?. രുചികരമായ ഭക്ഷണത്തിനും മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കും ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ക്കും പുറമേ കോഴിക്കോടിന്റെ പ്രകൃതി ഭംഗിയൂറുന്ന ഇടങ്ങളിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് ആസ്വാദ്യകരമായ അനുഭൂതി സമ്മാനിക്കുമെന്നത് ഉറപ്പ്.

കോഴിക്കോട് നഗരത്തിന്റെ പ്രധാനമുഖമാണ് മാനാഞ്ചിറ സ്വകയര്‍. സാമൂതിരി രാജാവായിരുന്ന മാനവിക്രമന്റെ കാലത്ത് നിര്‍മിച്ച മാനാഞ്ചിറ നഗരത്തിന്റെതായ ഓട്ടപാച്ചിലുകള്‍ക്കിടയില്‍ കുളിരും തണലുമേകുന്ന ഒരിടമാണ്. നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോള്‍ ആദ്യം നിങ്ങളുടെ ശ്രദ്ധ ചെന്നെത്തുക മാനാഞ്ചിറയിലേക്കാണ്. നഗരത്തില്‍ സായാഹ്ന സമയങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയിടം കൂടിയാണിത്. വിശാലമായ പുല്‍ത്തകിടി, വ്യായാമം ചെയ്യാന്‍ ഓപ്പണ്‍ ജിം. ഹാന്‍ബോള്‍ കോര്‍ട്ട്,മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍. മറ്റൊന്ന് ചരിത്രപ്രധാനമായ നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന പഴശ്ശിരാജ മ്യൂസിയമാണ്. ചരിത്രപരമായ കരകൗശല വസ്തുക്കളുടെയും കലാസൃഷ്ടികളുടെയും ഒരു നിധിശേഖരമാണ് ഇവിടം.

കോഴിക്കോടിന്റെ കടല്‍ത്തീരങ്ങള്‍ വിനോദസഞ്ചാരികളുടെ പ്രധാനസ്‌പോട്ടാണ്. സൂര്യാസ്തമയം കാണാന്‍ നഗരത്തിനുള്ളില്‍ നിന്നും അകലെ നിന്നും നിരവധി പേരാണ് ദിവസവും എത്തുന്നത്. വിളക്കുമാടവും കടലിലേക്കു നീണ്ടുനില്‍ക്കുന്ന രണ്ടു പുലിമുട്ടുകളും പ്രധാന ആകര്‍ഷമാണ്. കടല്‍ കാഴ്ചകള്‍ക്ക് മാറ്റുകൂട്ടാന്‍ തീരത്തോട് ചേര്‍ന്ന് ഐസ് ഒരതിയും ഉപ്പിലിട്ടതും വില്‍ക്കുന്ന ചെറുഉന്തുവട്ടികളുമുണ്ട്.

കോഴിക്കോട് കടല്‍ത്തീരത്തോളം പ്രാധാന്യം കാപ്പാട് ബീച്ചിനും ഉണ്ട്. വാസ്‌ഗോഡഗാമ വ്യാപാരത്തിനായി കപ്പിലിറങ്ങിയ കാപ്പാട് കേരള ചരിത്രത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള ഇടമാണ്.

കോഴിക്കോടിന്റെ നഗരത്തിലൂടെയാണ് യാത്രയെങ്കില്‍ ബേപ്പൂര്‍ തുറമുഖവും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ മറ്റൊരിടമാണ്. ചരിത്രം, സംസ്‌കാരം, പ്രകൃതി സൗന്ദര്യം എന്നിവയുടെ യഥാര്‍ത്ഥ മിശ്രിതമാണ് ബേപ്പൂര്‍ തുറമുഖ പട്ടണം.

മേല്‍ പറഞ്ഞവയെല്ലാം കോഴിക്കോടന്‍ നഗരത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതില്‍ പ്രധാനമാണ്. എന്നാല്‍ നഗരത്തില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നാലുള്ള മനോഹരമായ കോഴിക്കോടന്‍ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അനവധിയാണ്. അവ പരിചയപ്പെടാം.

കരിയാത്തുംപാറ

പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമാണ് കരിയാത്തുംപാറ. മലബാറിന്റെ ഊട്ടിയെന്ന് അറിയപ്പെടുന്ന ഇവിടം മലനിരകളും പുല്‍മേടുകളുമായി നല്ലൊരു പ്രകൃതിഭംഗി നിങ്ങള്‍ക്ക് സമ്മാനിക്കും. കോഴിക്കോട് നിന്ന് ബാലുശ്ശേരിയെത്തി അവിടെ നിന്നും കൂരാച്ചുണ്ട് വഴി കരിയാത്തും പാറയിലെത്താം.

കക്കയം

കോഴിക്കോട് നിന്നും 64 കിലോ മീറ്റര്‍ അകലെയാണ് കക്കയം ഡാം സ്ഥിതിചെയ്യുന്നത്. കരിയാത്തുംപാറയില്‍ നിങ്ങള്‍ എത്തിയാല്‍ അവിടെ നിന്നും 15 കിലോമീറ്റര്‍ അടുത്താണ് കക്കയം ഡാം. മഞ്ഞുമൂടിയ അന്തരീക്ഷവും ഇരുവശങ്ങളിലും കാടുമായി ചുറ്റം പച്ചപ്പിന്റെ ഒരു ലോകം തന്നെ നിങ്ങള്‍ക്ക് ഇവിടെ കാണാം. ഡാമിനോട് ചേര്‍ന്ന് ലഘുഭക്ഷണശാലയും പാര്‍ക്കും ഉണ്ട്. ബോട്ടിംഗും നടത്താവുന്നതാണ്.

തോണിക്കടവ്

കോഴിക്കോട് നഗരത്തിന്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായാണ് തോണിക്കടവ് സ്ഥിതി ചെയ്യുന്നത്. കക്കയം ഡാമിനടുത്താണ് ഈ കണ്ണും മനസും നിറക്കുന്ന പ്രദേശം. ഇപ്പോള്‍ കല്ല്യാണ ഫോട്ടോ ഷൂട്ടുകള്‍ക്കും സിനിമാ ഷൂട്ടിങ്ങിനുംഈ പ്രദേശം ഉപയോഗിക്കാറുണ്ട്. കുടുംബസമേതം സായാഹ്നം പങ്കിടാന്‍ ഇവിടം അനുയോജ്യമാണ്.

വയലട

മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലട ഇന്ന് വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. പച്ചപ്പും കോടമഞ്ഞ് പുതച്ച അന്തരീക്ഷവും നിങ്ങള്‍ക്ക് വല്ലാത്ത ഊഷ്മളത നല്‍കും. പ്രധാന സ്പോട്ടായ മുള്ളന്‍പാറയിലേക്കുള്ള നടത്തം നിങ്ങള്‍ക്ക് പൂര്‍ണമായും പുതിയ അനുഭൂതി സമ്മാനിക്കും. വയലട ടൗണില്‍ നിന്നും കാടിനുള്ളിലൂടെ ഒരു നല്ല നടത്തം പാസാക്കി നേരെ നിങ്ങളെത്തുക മുള്ളന്‍ പാറയിലാണ്. ഇവിടെ നിന്നും കക്കയം, പെരുവണ്ണാമൂഴി ഡാമുകള്‍ കാണാം. ഒരു ദിവസം മുഴുവന്‍ ഇവിടെയിരുന്നാലും മനസ് മടുക്കാത്തത്രയും സുന്ദരമാണിവിടം. കോഴിക്കോട് നിന്ന് ബാലുശ്ശേരിയില്‍ എത്തിയാല്‍ അവിടെ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് വയലട.

പെരുവണ്ണാമൂഴി ഡാം

കോഴിക്കോട് നഗരത്തില്‍ നിന്നും 60 കിലോ മീറ്റര്‍ അഖലെയായാണ്
പെരുവണ്ണാമുഴി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ മനോഹാരിതയും ശാന്തമായ അന്തരീക്ഷവും ആണ് പ്രത്യേകത. പ്രകൃതി സൗന്ദര്യത്തില്‍ വിശ്രമിക്കാനോ, സാഹസികമായ ഒരു ട്രെക്കിംഗ് നടത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവിടം തെരഞ്ഞെടുക്കാവുന്നതാണ്.

ജാനകിക്കാട്

ഒരു കാട്ടില്‍ നിങ്ങള്‍ക്ക് ദിവസം ചെലവഴിക്കണമെന്ന് ആഗ്രഹമുണ്ടോ? ബെസ്റ്റ് ഓപഷന്‍ ആണിവിടം. കുറ്റ്യാടി പുഴയുടെ തീരത്താണ് പച്ചപ്പ് വിരിച്ച ഈ ജാനകിക്കാട്.

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്

കൊയിലാണ്ടിയിലാണ് തിക്കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്. ഡ്രൈവ് ഇന്‍ ബീച്ചായതിനാല്‍ തന്നെ വാഹനത്തില്‍ കയറി ബീച്ചിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയും.

കക്കാടം പൊയില്‍

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയില്‍ കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളാലും സംമ്പന്നമാണ്. ഇവിടുത്തെ
പ്രധാന ആകര്‍ഷണമാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടവും ഓം കുരിശ്പ്പാറയും.

തുഷാരഗിരി

കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളാണ് ഇവിടം ഉള്ളത്.
ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ.

അരിപ്പാറ വാട്ടര്‍ഫാള്‍സ്

കോഴിക്കോട് തിരുവമ്പാടി പട്ടണത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് അരിപ്പാറ വാട്ടര്‍ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ അധികം എത്തിപ്പെടാത്ത സ്ഥമായതിനാല്‍ തന്നെ വര്‍ഷത്തില്‍ ഭൂരിഭാഗവും ഈ സ്ഥലം ഒറ്റപ്പെട്ടാണ് ഇരിക്കാറ്.

പൂക്കുന്ന് മല

പൊന്‍കുന്ന് മല എന്നും മീശപ്പുലി മലയെന്നും ഇത് അറിയപ്പെടുന്നു. ഇവിടം ഹരിതഭംഗിയാലും നീരുറവകളാലും അപൂര്‍വ സസ്യജീവജാലങ്ങളാലും സമ്പന്നമാണ്. കോഴിക്കോട് നഗരത്തില്‍നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയാണിത്.

ഒളോപ്പാറ

കോഴിക്കോട് നഗരത്തില്‍ നിന്നും അധികം അകലയല്ലാതെ ഒളിഞ്ഞിരിക്കുന്ന ഒറ്റ നോട്ടത്തില്‍ കുട്ടനാട് പോലെ തോന്നുന്ന ഇടമാണിത്. മിനി കുമരകമെന്നാണ് ഇതിന്റെ വിളിപേര്.

ഇവകൂടാതെ മറ്റനവധി ഇക്കോടൂറിസം കേന്ദ്രങ്ങളും കോഴിക്കോടിന്റെ മുഖമാണ്. ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജ്,വെള്ളരിമല ഇക്കോടൂറിസം, കക്കാട് ഇക്കോടൂറിസം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്.

അപ്പോള്‍ നിങ്ങളുടെ ഈ ചെറിയ അവധിക്കാലം കോഴിക്കോട് ജില്ലയിലെ പ്രകൃതി മനോഹാരിതയും ചരിത്രപരമായ പ്രാധാന്യവും സമ്മാനിക്കുന്ന ഈ സ്ഥലങ്ങളിലൂടെയാവട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News