
കേരളത്തിലിപ്പോൾ വെള്ള പൂശലാണ് ട്രെന്റിങ്. വീടിന് വെള്ളപൂശാൻ (Whitewashing) നിങ്ങൾക്കും പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും.
വീടിന് പുതിയൊരു ലുക്ക് നൽകാനും കടുത്ത കറകളടക്കം നീക്കി മുഖം മിനുക്കാനും വീടിന് വെള്ള പൂശുന്നതിലൂടെ സാധിക്കും. ഭിത്തികൾ സംരക്ഷിക്കാൻ സഹായിക്കുന്ന ലളിതമായ രീതി കൂടിയാണിത്. ചെറിയ വീടാണെങ്കിൽ ചെലവ് കുറവായിരിക്കും. എന്നാൽ വലിയ വീടാണെങ്കിൽ ചെലവും കൂടും, പണിക്കാർക്ക് നല്ല തുക വരുമാനമായി കിട്ടുകയും ചെയ്യും. ശരിയായ രീതിയിൽ ചെയ്താൽ ഫലം കൂടുതൽ കാലം നിലനിൽക്കുമത്രേ.
വെള്ള പൂശുമ്പോഴുള്ള ചെലവ് കുറയ്ക്കാൻ ചില ടിപ്പുകൾ പറഞ്ഞുതരാം.
- കുമ്മായം (Lime) ഉപയോഗിക്കാം – ഇത് ഏറ്റവും ചെലവ് കുറഞ്ഞ രീതിയാണ്. ഭിത്തിക്ക് ‘ബ്രീത്തിംഗ്’ നൽകാനും ചൂട് കുറയ്ക്കാനും കുമ്മായം സഹായിക്കും.
- കുമ്മായത്തിനൊപ്പം പശയും ചേർക്കാം – കുമ്മായം കലക്കുന്ന സമയത്ത് അതിലേക്ക് അല്പം ഫെവികോൾ (Fevicol) കൂടി ചേർക്കുന്നത് പെയിന്റ് കൂടുതൽ കാലം നിൽക്കാനും ഒപ്പം കൈയ്യിൽ പറ്റാതിരിക്കാനും സഹായിക്കും.
- വൈറ്റ് സിമന്റും ഉപയോഗിക്കാം – ഭിത്തിയിൽ ഈർപ്പം നിലനിൽക്കുന്നുണ്ടെങ്കിൽ വൈറ്റ് സിമന്റ് ഉപയോഗിക്കുന്നതാകും കുമ്മായത്തേക്കാൾ നല്ലത്.
വെള്ള പൂശുന്നതിന്റെ വിവിധ ഘട്ടങ്ങൾ
- ഉപരിതലം വൃത്തിയാക്കുക – ഭിത്തിയിലെ പൊടി, മാറാല, അഴുക്ക് എന്നിവ ആദ്യം നീക്കം ചെയ്യണം. ഭിത്തിയിൽ നേരത്തെ പൂശിയ പെയിന്റ് അടർന്നു നിൽക്കുന്നുണ്ടെങ്കിൽ അതും ചുരണ്ടി നീക്കണം. പായലോ പൂപ്പലോ ഉണ്ടെങ്കിൽ ബ്ലീച്ചിംഗ് പൗഡർ കലർത്തിയ വെള്ളം ഉപയോഗിച്ച് കഴുകി ഉണക്കാവുന്നതാണ്.
- വിള്ളലുകൾ അടയ്ക്കുക – ചെറിയ വിള്ളലുകളോ കുഴികളോ ഭിത്തിയിൽ ഉണ്ടെങ്കിൽ അത് പുട്ടിയിട്ട് അടക്കണം. പിന്നീട് ഇത് ഉണങ്ങിയ ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് മിനുസപ്പെടുത്താം.
- മിക്സിങ് – കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് ആണ് വെള്ള പൂശാൻ സാധാരണയായി ഉപയോഗിക്കുന്നത്. കുമ്മായം ആണെങ്കിൽ അത് വെള്ളത്തിലിട്ട് നന്നായി കലക്കണം. നേരത്തെ പറഞ്ഞതുപോലെ ഇതിൽ അല്പം ഫെവികോൾ അല്ലെങ്കിൽ പശ ചേർക്കാം. വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കാൻ ശ്രദ്ധിക്കണം.
- അടിക്കുന്ന രീതിയിലുമുണ്ട് കാര്യം – ആദ്യ കോട്ടിങ് ബ്രഷ് ഉപയോഗിച്ച് മുകളിൽ നിന്ന് താഴേക്ക് ഒരേ രീതിയിൽ തേക്കുക എന്നതാണ്. ഇത് പൂർണമായി ഉണങ്ങാൻ 6 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തേക്കും. ആദ്യത്തെ കോട്ട് നന്നായി ഉണങ്ങിയ ശേഷമാണ് രണ്ടാമത്തെ കോട്ട് അടിക്കേണ്ടത്.
നല്ല വെയിലുള്ള ദിവസം നോക്കി വെള്ള പൂശാൻ ശ്രദ്ധിക്കണം. കണ്ണിലും ചർമ്മത്തിലും കുമ്മായം വീഴാതിരിക്കാൻ ഗ്ലൗസും കണ്ണടയും ഉപയോഗിക്കുന്നതും നല്ലതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


