
തിരക്കിനിടയിൽ വീട്ടിലെ ഫാനോ ലൈറ്റോ ഓഫ് ചെയ്യാൻ മറക്കുന്നത് നമുക്കെല്ലാം സംഭവിക്കുന്ന കാര്യമാണ്. എന്നാൽ ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള വാങ് എന്ന യുവതിക്ക് പറ്റിയ ഒരു ചെറിയ അബദ്ധം ഒരു നാടിനെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഐസ് കട്ടയാക്കി മാറ്റി. രാത്രി കുളി കഴിഞ്ഞപ്പോൾ സോളാർ വാട്ടർ ഹീറ്ററിന്റെ ടാപ്പ് ഓഫ് ചെയ്യാൻ മറന്നതാണ് വില്ലനായത്. ടാങ്കിൽ നിന്ന് വെള്ളം നിറഞ്ഞു കവിഞ്ഞത് യുവതി അറിഞ്ഞില്ല. ഏകദേശം ഒൻപത് മണിക്കൂറോളമാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്.
സാധാരണയായി വെള്ളം പാഴാകുക മാത്രമേ സംഭവിക്കാറുള്ളൂ എങ്കിൽ ഇവിടെ വില്ലനായത് കഠിനമായ തണുപ്പാണ്. മൈനസ് 8 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള സമയമായതിനാൽ അപ്പാർട്ട്മെന്റിന്റെ മുകളിൽ നിന്ന് ഭിത്തിയിലൂടെ ഒഴുകിയ വെള്ളം റോഡിലെത്തിയപ്പോഴേക്കും ഐസായി ഉറച്ചുപോയി. രാവിലെ പുറത്തിറങ്ങിയ വാങ്ങിന്റെ അച്ഛനാണ് റോഡിലാകെ ഐസ് കട്ടകൾ നിറഞ്ഞ വിചിത്രമായ കാഴ്ച ആദ്യം കണ്ടത്. ആദ്യം മറ്റേതോ വീട്ടിലെ പണിയാണെന്ന് കരുതിയെങ്കിലും പരിശോധിച്ചപ്പോഴാണ് സ്വന്തം മകളുടെ ‘കൈവിട്ട കളി’ അദ്ദേഹം തിരിച്ചറിഞ്ഞത്.
ALSO READ : പ്രസിഡന്റിന്റെ വിശ്വസ്തനായ കാവലാൾ; സോഷ്യൽ മീഡിയയുടെ മനംകവർന്ന് ക്യാപ്റ്റൻ ഋഷഭ് സിങ്
റോഡിലെ തെന്നുന്ന ഐസ് പാളികൾ നീക്കം ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. വാങ്ങും അച്ഛനും ചേർന്ന് ഷവ്വലുകളുമായി ഇറങ്ങിയെങ്കിലും ഐസ് അത്ര എളുപ്പത്തിൽ വഴങ്ങിയില്ല. ഒടുവിൽ ഐസ് അലിയിക്കാൻ സമീപത്തെ കടകളിൽ നിന്ന് ചാക്ക് കണക്കിന് ഉപ്പ് വാങ്ങേണ്ടി വന്നു.
ആ പ്രദേശത്തെ കടകളിലെ ഉപ്പ് മുഴുവൻ തീർന്നുപോയ അവസ്ഥയായിരുന്നു അന്ന്. ഒടുവിൽ നാട്ടുകാരും ജോലിക്കാരും കൂടി സഹായിച്ചതുകൊണ്ടാണ് ഐസ് നീക്കി റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ കഴിഞ്ഞത്. തനിക്ക് പറ്റിയ അബദ്ധം വാങ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം ലോകമെങ്ങും വൈറലായി. ഭാഗ്യത്തിന് ആർക്കും അപകടം പറ്റിയില്ലെന്നും അയൽവാസികളോട് താൻ ക്ഷമ ചോദിക്കുന്നതായും യുവതി കുറിപ്പിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


