
സാങ്കേതികവിദ്യയുടെ പുരോഗതിയിൽ സന്തോഷിക്കുന്നവരാണ് നമ്മൾ. എന്നാൽ അതേ സാങ്കേതികവിദ്യ തന്നെ ആളുകൾ മോശമായ രീതിയിൽ ഉപയോഗിച്ചാലോ ? ഇപ്പോൾ എല്ലാം എഐ മയമാണ്. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തരത്തിലുള്ള ഫോട്ടോകളും വീഡിയോകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു ഫോട്ടോ ആണ് ഇപ്പോൾ സംസ്ഥാനത്തെ കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കിടന്നു കറങ്ങുന്നത്.
ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ ഇന്നലെ കണ്ണൂർ വെച്ച് കെ എസ് യു പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ വിവരം എല്ലാവരും അറിഞ്ഞതാണ്. എന്നാൽ അത് കെ എസ് യു പ്രവർത്തകർ അല്ലെന്നും കേരള പോലീസ് ആണെന്നും ആണ് ചിലരുടെ വാദം. അത് ഊട്ടിയിട്ടുറപ്പിക്കാനായി ചില ‘എഐ’ ഫോട്ടോകളും സംഘം പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഫോട്ടോ ചെയ്യുമ്പോൾ എങ്കിലും ഒന്ന് ശ്രദ്ധിച്ചുകൂടെ ?
കോൺഗ്രസിലെ ഒരു ‘മഹാൻ’ പങ്കുവച്ച ഈ ചിത്രത്തിൽ നിറയെ പിശകുകളാണ്. ചിത്രത്തിൽ വനിതാ പൊലീസുകാരി മന്ത്രി വീണ ജോർജിന്റെ കഴുത്തിൽ പിടിക്കുന്നതായിട്ടാണ് കാണുന്നത്. സാധാരണ പോലീസുകാരുടെ യൂണിഫോമിലുള്ളത് പോലെ അല്ല ഈ വനിതാ പോലീസുകാരിയുടെ യൂണിഫോമിൽ ഉള്ളത്. റൂറൽ എന്ന് എഴുതിയതിൽ അക്ഷരപിശകുണ്ട് . യഥാർത്ഥത്തിൽ ‘rural’ എന്നതിന് പകരം ചിത്രത്തിൽ ഉള്ളത് ‘roral’ എന്നാണ്. ഇംഗ്ലീഷ് ഭാഷക്കും എഐക്കും ഒരുപോലെ അവമതിപ്പ്.
കേരള പോലീസ് ഷോൾഡർ ബാഡ്ജിൽ സാധാരണ കാണേണ്ട ‘KP’ എവിടെ? പകരം തിളങ്ങുന്നത് ‘AS’. കേരള പോലീസ് പുതിയ ബ്രാൻഡിംഗിലേയ്ക്ക് പോയോ എന്ന സംശയം വരെ തോന്നിപ്പിക്കും. മാത്രമല്ല, ഫോട്ടോയിൽ ആളില്ലാതെ തന്നെ അധികമായി ഒരു കയ്യും കാണാൻ സാധിക്കും. അതൊക്കെ പോട്ടെ പങ്കുവയ്ക്കുമ്പോൾ എഐ ആണെന്ന് കാണിക്കുന്ന വാട്ടർമാർക്കെങ്കിലും ഒന്ന് ഒഴിവാക്കാമായിരുന്നല്ലോ ? അടുത്ത തവണ എങ്കിലും ഈ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഇതൊക്കെ ശ്രദ്ധിക്കുമായിരിക്കും. ഇതൊന്നുമറിയാതെ കമന്റുബോക്സിൽ മറ്റൊരു വിഭാഗം അങ്ങ് ആഘോഷിക്കുന്നുമുണ്ട്.
എന്തായാലും യഥാർത്ഥ ചിത്രവും എഐയും തമ്മിലുള്ള വ്യത്യാസം സാധാരക്കാർക്ക് അല്പമെങ്കിലും മനസിലാവും. സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ, ഉപയോഗിക്കുന്നവരും അല്പം അപ്‌ഡേറ്റ് ആകേണ്ടതല്ലേ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


