
സോഷ്യൽ മീഡിയയിൽ ലൈക്കിനും വ്യൂസിനും വേണ്ടി എന്തു സാഹസത്തിനും മുതിരുന്നവർക്ക് വലിയൊരു താക്കീതുമായി ഡൽഹി പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡോറുകൾ ബൈക്കിലെത്തി അപ്രതീക്ഷിതമായി തുറന്നുവിട്ട് ഡ്രൈവർമാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കുന്ന വിചിത്രമായ രീതിയാണ് ഒരു സംഘം യുവാക്കൾ തിരഞ്ഞെടുത്തത്.
ബസുകളുടെയും ഓട്ടോകളുടെയും വാതിലുകൾ പെട്ടെന്ന് തുറക്കുന്നതും, അപകടം ഒഴിവാക്കാൻ ഡ്രൈവർമാർ നെട്ടോട്ടമോടുന്നതും വിഡിയോയിൽ പകർത്തി വൈറലാക്കാൻ ശ്രമിച്ച ഇവരെ പോലീസ് കയ്യോടെ പൊക്കി. ന്യൂ ഉസ്മാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഈ നിയമവിരുദ്ധ അഭ്യാസങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
ALSO READ : സിംഹവേഷത്തിൽ തായ് പോലീസ്; കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ: വൈറലായി വീഡിയോ
തികച്ചും ആസൂത്രിതമായാണ് യുവാക്കൾ ഈ അതിക്രമം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയാണ് ഇവർ സാഹസത്തിനിറങ്ങിയത്. സംഘത്തിലെ ഒരാൾ ബൈക്കിൽ മുന്നിൽ പോയി വാഹനങ്ങളുടെ ഡോർ തുറക്കുമ്പോൾ, പിന്നാലെ മറ്റൊരു വാഹനത്തിലെത്തുന്ന സംഘം ഇത് മൊബൈലിൽ പകർത്തി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു പതിവ്.
എന്നാൽ സിസിടിവി ദൃശ്യങ്ങളും വൈറൽ വിഡിയോയും ശാസ്ത്രീയമായി വിശകലനം ചെയ്ത പോലീസ്, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഇവർ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളും പോലീസ് പിന്നീട് പുറത്തുവിട്ടു.
ALSO READ : അന്തരീക്ഷത്തിൽ പടർന്ന് ലിക്വിഡ് ഗ്യാസ്; ചിലിയിൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് മരണം, നടുക്കുന്ന വീഡിയോ പുറത്ത്
പൊതുജന സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 281-ാം വകുപ്പും മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. വൈറലാകാനുള്ള നെട്ടോട്ടത്തിൽ അന്യന്റെ ജീവൻ പണയപ്പെടുത്തുന്നവർക്ക് ജയിൽ അഴികൾ മാത്രമായിരിക്കും മറുപടിയെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

