
ജെൻ സി (Gen Z) എന്നാൽ 1990-കളുടെ മധ്യത്തിനും 2010-കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ച ഒരു തലമുറയാണ്. ഇവർ ഡിജിറ്റൽ യുഗത്തിൽ വളർന്നവരും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായവരുമാണ്. ഇവരോട് അൽപ്പനേരം സംസാരിച്ചാൽ ചിലപ്പോൾ കിളി പോകുന്നവർ ഉണ്ട്. അവർ അവതരിപ്പിച്ച പല വാക്കുകളുടെയും അർഥങ്ങൾ പോലും ഇന്നും പലർക്കും അറിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ജെൻസികൾ ആധിപത്യം ഉറപ്പിച്ചതോടെ പുതിയ ചില സ്ലാങ് വാക്കുകൾ നമ്മുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. മില്ലേനിയലുകൾ അടക്കമുള്ളവരെ ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ ഈ വാക്കുകളുടെ അർത്ഥം തേടി ലക്ഷക്കണക്കിന് ആളുകളാണ് ഇത്തവണ ഗൂഗിളിനെ ആശ്രയിച്ചത്. അത്തരത്തിൽ ഈ വര്ഷം ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്ന് പ്രധാന വാക്കുകളെ പരിചയപ്പെടാം:
- ‘പൂക്കി’ (Pooki)
ഈ വർഷം സോഷ്യൽ ലോകം ഭരിച്ചത് ‘പൂക്കി’ എന്ന വാക്കാണെന്ന് പറയാം. സുഹൃത്തുക്കൾ, പ്രണയിതാക്കൾ, ബ്രാൻഡുകൾ എന്നിവരെല്ലാം ഈ വാക്ക് ഉപയോഗിച്ചു. അടിസ്ഥാനപരമായി ഇതൊരു വാത്സല്യവാക്കാണ്. മധുരമുള്ളതോ ഭംഗിയുള്ളതോ ആയ ഒന്നിനെ വിശേഷിപ്പിക്കാൻ ‘ഹണി’, ‘സ്വീറ്റ്ഹാർട്ട്’ എന്നിവയ്ക്ക് സമാനമായാണ് ഇത് ഉപയോഗിക്കുന്നത്. പ്രണയ പങ്കാളികളോടും വളർത്തുമൃഗങ്ങളോടുമുള്ള ആഴത്തിലുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ വാക്ക് തിരയുന്നതിൽ ലോകത്ത് ഇന്ത്യയാണ് മുന്നിൽ നിൽക്കുന്നത്.
ALSO READ: എന്താണ് ബോക്സിങ് ഡേ? പേരിനു പിന്നിലെ രഹസ്യവും കായിക ലോകത്തെ ആവേശവും
- ‘നോൺസ്’ (Nonce)
സാങ്കേതിക ലോകത്ത് നിന്നുള്ള ‘നോൺസ്’ എന്ന വാക്കും ഗൂഗിൾ സെർച്ചിൽ മുൻപന്തിയിലുണ്ട്. “Number Once” അഥവാ ‘ഒറ്റത്തവണ ഉപയോഗിക്കുന്ന സംഖ്യ’ എന്നാണ് ഇതിൻ്റെ അർത്ഥം. കമ്പ്യൂട്ടിങ്, ക്രിപ്‌റ്റോഗ്രഫി, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ എന്നിവയിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ബിറ്റ്‌കോയിൻ ഇടപാടുകളിലും മറ്റും സുരക്ഷ ഉറപ്പാക്കാനും വ്യാജ ആക്രമണങ്ങൾ തടയാനും ഈ റാൻഡം നമ്പറുകൾ സഹായിക്കുന്നു.
- ‘ഇൻസെൽ’ (Incel)
‘ഇൻവോളണ്ടറി സെലിബേറ്റ്’ (Involuntary Celibate) എന്നതിൻ്റെ ചുരുക്കരൂപമാണ് ‘ഇൻസെൽ’. ആഗ്രഹമുണ്ടായിട്ടും പങ്കാളിയെ കണ്ടെത്താൻ കഴിയാത്ത നിരാശയിൽ നിന്ന് ഉടലെടുക്കുന്ന ഈ പദം, പലപ്പോഴും സ്ത്രീവിരുദ്ധമായ നിലപാടുകൾ പ്രകടിപ്പിക്കുന്ന ആളുകളെ സൂചിപ്പിക്കാനാണ് ഇന്റർനെറ്റിൽ ഉപയോഗിക്കുന്നത്.
2025-ലെ ഗൂഗിൾ ഇയർ എൻഡർ (Google Year-Ender 2025) കണക്കുകൾ പ്രകാരം ഈ വാക്കുകൾ ഡിജിറ്റൽ യുഗത്തിലെ മാറുന്ന ആശയവിനിമയ ശൈലിയെയാണ് അടയാളപ്പെടുത്തുന്നത്. ജെൻ സിയുടെ ലോകത്ത് പിടിച്ച് നില്ക്കാൻ ഇവയൊക്കെ എല്ലാവരും പറഞ്ഞെ മതിയാവൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

