
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പൊട്ടിത്തെറികളും പ്രശ്നങ്ങളും രൂക്ഷമാണ്. കൊച്ചി മേയർ സ്ഥാനാർത്ഥി നിർണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തന്നെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാട്ടം ശക്തമാണ്. നേതാക്കളുടെ താൽപ്പര്യവും സാമുദായിക സംഘടനകളുടെ സ്വാധീനവുമാണ് കൊച്ചി മേയർ സ്ഥാനാർത്ഥി നിർണയത്തിൽ ഘടകങ്ങളായത്.
ഈ സമയത്താണ് ഡോ ജോൺബ്രിട്ടാസ് എംപി സാമൂഹ മാധ്യമത്തിൽ പങ്ക് വച്ച ഒരു വീഡിയോയും കുറിപ്പും ചർച്ചയാകുന്നത്. കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കുറച്ച് നാളുകൾക്ക് മുന്നെ ഒരു ചാനലിൽ നടത്തിയ പ്രതികരണത്തിൻ്റെ വീഡിയോയാണ് പങ്ക് വച്ചത്. ഇതിൽ രാജ്മോഹൻ ഉണ്ണിത്താൻ സിപിഐഎം നെയും കോൺഗ്രസിനേയും തമ്മിൽ താരതമ്യപ്പെടുത്തുകയാണ്. സിപിഐഎം ജയിച്ചപ്പോൾ മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലോ മറ്റെന്തെങ്കിലും തീരുമാനങ്ങളിലോ ഏതെങ്കിലും സാമുദായിക സംഘടനകൾ ഇടപെട്ടോ എന്നും ഒരു തരത്തിലുള്ള വിഷയങ്ങളും ഉണ്ടാകാറില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നുണ്ട്. മറിച്ച് യുഡിഎഫി ൽ ആണെങ്കിൽ പ്രശ്നങ്ങളുണ്ടാകുമായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു. ഈ വീഡിയോ പങ്ക് വച്ചാണ് ഡോ ജോണബ്രിട്ടാസ് എംപി പോസ്റ്റിട്ടിരിക്കുന്നത്.
Also read; കൊച്ചിയിലും കോൺഗ്രസിൽ ഭിന്നത; മേയർ തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്
പോസ്റ്റിൻ്റെ പൂർണരൂപം
”രാഷ്ട്രീയ വ്യത്യാസങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും നമുക്കുണ്ടാകാം. എന്നാൽ ചില നിലപാടുകളെ ഇവയ്ക്കെല്ലാം അതീതമായി അംഗീകരിക്കേണ്ടിവരും.
കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ ചില നിലപാടുകളെ ഞാൻ മുമ്പ് അഭിനന്ദിച്ചിരുന്നു. “ബ്രിട്ടാസിന് എന്നോട് ഇത്ര അനുഭാവം ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല” – എന്നായിരുന്നു അദ്ദേഹത്തിന്റെ അപ്പോഴത്തെ പ്രതികരണം. അദ്ദേഹം മുമ്പ് പറഞ്ഞ മറ്റൊരു കാര്യം കൂടി ഓർമ്മപ്പെടുത്താനും ആ തെളിച്ചമുള്ള വാക്കുകളെ അഭിനന്ദിക്കാനും കൂടിയാണ് ഈ കുറിപ്പ്.
കൊച്ചി മേയർ പദവിയെ മുൻനിർത്തി കോൺഗ്രസിൽ നടക്കുന്ന കൂട്ടത്തല്ലിനെ കുറിച്ച് ആ പാർട്ടിയിലെ നേതാക്കൾ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ പരസ്യമായി പ്രതികരിക്കുന്നത്. അതുകൊണ്ടുതന്നെ പുറത്തുനിന്ന് ഒരാൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് വാദിക്കാൻ കഴിയില്ല. എന്നെ അലോസരപ്പെടുത്തുന്നത് അതൊന്നുമല്ല. ജാതിയും സമുദായവും മതവും ആവോളം വലിച്ചിഴച്ചു കൊണ്ടാണ് ഈ തർക്കം ഇവർ തന്നെ കൊഴുപ്പിച്ചത്. സാമൂഹിക പരിഷ്കർത്താക്കൾ അടിത്തറ പാകി എത്രയോ പോരാട്ട പടവുകൾ താണ്ടിയാണ് നമ്മൾ “വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയ”ത്തിൽ നിന്നും മോചിതരായത്. എന്നാൽ അങ്ങോട്ടുള്ള മടക്കയാത്രയിലാണ് നമ്മൾ എന്നാണ് ഇന്ന് മനസ്സിലാക്കേണ്ടത്. കേരളത്തിലെ കോൺഗ്രസിനു മേൽ ആധിപത്യം പുലർത്തുന്നു എന്ന് ഏവരും കരുതുന്ന കെ.സി.വേണുഗോപാലിന്റെ ഇംഗിതങ്ങളെ കൂടി കാറ്റിൽ പറത്തിയാണ് ഈ സംഭവവികാസങ്ങളൊക്കെ അരങ്ങേറുന്നതെന്ന് കൂടി മനസ്സിലാക്കണം. ഉണ്ണിത്താന്റെ പ്രവചന സ്വഭാവമുള്ള വാക്കുകളുടെ പ്രസക്തി എടുത്തു കാട്ടുന്നതാണ് ഈ രംഗങ്ങളോരോന്നും. കൊച്ചി മേയർ സ്ഥാനത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും കോൺഗ്രസിന് കിട്ടിയാൽ എന്തായിരിക്കും കഥ എന്നുകൂടി ഉണ്ണിത്താന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം.”

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

