
നീണ്ട കാൽനൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിനും അധ്വാനത്തിനും ഒടുവിൽ മലയാളി ഡ്രൈവറെ തേടി എത്തിയത് ഭാഗ്യത്തിന്റെ കരസ്പർശം. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന 57 വയസ്സുകാരനായ ബഷീർ കൈപ്പുറത്തിനാണ് ബിഗ് ടിക്കറ്റ് ഇ-നറുക്കെടുപ്പിലൂടെ 1,00,000 ദിർഹം (ഏകദേശം 24 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്.
ഗൾഫ് ന്യൂസ് റിപ്പോർട്ട് പ്രകാരം, 276640 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബഷീറിനെ ഭാഗ്യം തുണച്ചത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ എല്ലാ മാസവും അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. വറ്ഷങ്ങൾ നീണ്ട ഈ ഭാഗ്യപരീക്ഷണത്തിനാണ് ഇപ്പോൾ ഫലമുണ്ടായിരിക്കുന്നത്.
ALSO READ : 2026 ൽ ലോകം കാത്തിരിക്കുന്ന അഞ്ച് വമ്പൻ ഇവന്റുകൾ അറിയാം
ബിഗ് ടിക്കറ്റ് ഷോ അവതാരകൻ റിച്ചാർഡ് വിളിച്ച് സമ്മാനവിവരം അറിയിച്ചപ്പോൾ വിശ്വസിക്കാനാകാതെ അമ്പരന്നു നിൽക്കുകയായിരുന്നു ബഷീർ. “ഒരു ലക്ഷം ദിർഹമോ? എനിക്കാണോ?” എന്ന് അദ്ദേഹം ആവർത്തിച്ചു ചോദിച്ചു. ടിക്കറ്റ് എടുത്ത കാര്യം സ്ഥിരീകരിച്ച ശേഷവും തനിക്ക് തന്നെയാണോ സമ്മാനം ലഭിച്ചതെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നുണ്ടായിരുന്നു.താൻ അതീവ സന്തോഷവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കാനാണ് ബഷീറിന്റെ തീരുമാനം. വരും മാസങ്ങളിലും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കാലത്തായി ഗൾഫ് രാജ്യങ്ങളിൽ ലോട്ടറിയുടെ സമ്മാനത്തുക ഇന്ത്യക്കാരെ തേടിയെത്തുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ്, അനിൽകുമാർ ബൊല്ല എന്ന 29 വയസ്സുകാരനായ ഇന്ത്യക്കാരന് യുഎഇയിലെ എക്കാലത്തെയും വലിയ തുകയായ 240 കോടി രൂപ ലോട്ടറി അടിച്ചിരുന്നു. ഒക്ടോബർ 18-ന് നടന്ന നറുക്കെടുപ്പിലായിരുന്നു ആ ചരിത്ര വിജയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

