
നിയമപാലനത്തിൽ മാത്രം ഒതുങ്ങാതെ, സോഷ്യൽ മീഡിയയിലും കേരള പൊലീസ് ഇപ്പോൾ അത്യന്തം സജീവമാണ്. ട്രെൻഡിങ് മീമുകളും സിനിമാ ഡയലോഗുകളും ഉപയോഗിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന പൊലീസ് സോഷ്യൽ മീഡിയ ടീമിന്റെ പോസ്റ്റുകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ച കേരള പൊലീസിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രത്യേകത എന്തെന്നാൽ, ആ പോസ്റ്റിനെ തേടി നടൻ ദുൽഖർ സൽമാൻ തന്നെ കമന്റ് ചെയ്തെത്തിയതാണ്.
ദുൽഖറും കല്യാണി പ്രിയദർശനും അഭിനയിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഹെൽമെറ്റ് ധരിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു രംഗമാണ് കേരള പൊലീസ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത്. “ദുൽഖർ സൽമാൻ കമന്റ് ചെയ്യുവോ?” എന്ന കൗതുകകരമായ അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. പിന്നാലെ, “ങ്ങളൊക്കെ എന്ത് ചങ്കുകളാ… പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്ന്” എന്ന രസകരമായ കുറിപ്പും കമന്റ് ബോക്സിൽ ചേർത്തിരുന്നു. ഇതിനോട് ചേർന്ന് പലരും ദുൽഖറിനെ മെൻഷൻ ചെയ്തിരുന്നു.
ഇതിനു താഴെയാണ് ആരാധകരെ അമ്പരപ്പിച്ച് ദുൽഖർ സൽമാൻ കമന്റുമായി എത്തിയത്. “ഹെൽമെറ്റ് മസ്റ്റ് ആണ്” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഹെൽമെറ്റ് ധരിക്കാൻ ഒട്ടും താല്പര്യമില്ലാത്ത കല്യാണി പ്രിയദർശൻ അവതരിപ്പിച്ച കഥാപാത്രത്തോട് ചിത്രത്തിൽ താരം പറയുന്ന അതേ ഡയലോഗ് തന്നെയായിരുന്നു ഈ കമന്റിലും.
ട്രാഫിക് നിയമങ്ങൾ ഓർമ്മിപ്പിക്കാനും, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും, അതിനൊപ്പം ഒരു ചെറുചിരി പകരാനും കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കഴിയുന്നുണ്ട്. “പോലീസ് പോസ്റ്റുകൾ പോലും സ്കിപ്പ് ചെയ്യാതെ വായിക്കുന്ന കാലം” എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നത്.
സീരിയസ് ഡ്യൂട്ടിക്കിടയിലും ക്രിയേറ്റിവിറ്റിക്ക് സമയം കണ്ടെത്തുന്ന കേരള പൊലീസിന്റെ ഈ ഡിജിറ്റൽ സാന്നിധ്യം, പ്രത്യേകിച്ച് യുവാക്കളിൽ, വലിയ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

