
വേനൽ കടുക്കുമ്പോൾ വെയിലിൽ നിന്ന് രക്ഷപ്പെടാൻ നാം ആദ്യം കയ്യിലെടുക്കുന്നത് ഒരു കുടയാണ്. എന്നാൽ എല്ലാ കുടകളും നിങ്ങളെ സൂര്യപ്രകാശത്തിൽ നിന്ന് ഒരുപോലെ സംരക്ഷിക്കുമെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. വെയിലത്ത് കുട ചൂടി നിൽക്കുമ്പോഴും ഒരു സ്ലോ കുക്കറിനുള്ളിൽ ഇരിക്കുന്നത് പോലെ ചൂട് അനുഭവപ്പെടാറുണ്ടോ? ഇതിന് പിന്നിൽ കുടയുടെ തുണിയും നിറവും തമ്മിലുള്ള ശാസ്ത്രീയമായ ചില രഹസ്യങ്ങളുണ്ട്.
കറുത്ത കുടകൾ സൂര്യപ്രകാശത്തിലെ മാരകമായ അൾട്രാ വയലറ്റ് (UV) രശ്മികളെ 90 മുതൽ 95 ശതമാനം വരെ ആഗിരണം ചെയ്യുമെന്നത് ശരിയാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് സംരക്ഷണം നൽകുമെങ്കിലും കുടയുടെ തുണി വലിയ തോതിൽ ചൂടാകാൻ കാരണമാകും. ഇതോടെ കുടയ്ക്ക് താഴെയുള്ള താപനില 5 മുതൽ 10 ഡിഗ്രി വരെ ഉയരുകയും നിങ്ങൾ വിയർത്തു കുളിക്കുകയും ചെയ്യുന്നു. ഫലത്തിൽ ഒരു പോർട്ടബിൾ റേഡിയേറ്റർ തലയ്ക്ക് മുകളിൽ പിടിക്കുന്നത് പോലെയാണിത്.
ALSO READ : ഒരു നമ്പർ പ്ലേറ്റിന് 2.08 കോടി! ഇന്ത്യയെ ഞെട്ടിച്ച് ‘DDC 0001’; ലേലത്തിൽ സ്വന്തമാക്കിയത് ആന്ധ്ര സ്വദേശി
വെളുത്ത കുടകളാകട്ടെ പ്രകാശത്തെ പ്രതിഫലിപ്പിച്ച് കുടയ്ക്ക് താഴെ തണുപ്പ് നൽകുമെങ്കിലും മറ്റൊരു വലിയ അപകടം ഒളിപ്പിച്ചുവെക്കുന്നുണ്ട്. പ്രത്യേക കോട്ടിംഗുകൾ ഇല്ലാത്ത വെളുത്ത തുണികൾ 40 മുതൽ 50 ശതമാനം വരെ യുവി രശ്മികളെ കടത്തിവിടുന്നു. അതായത് വെളുത്ത കുടയ്ക്ക് താഴെ ഇരിക്കുമ്പോൾ നിങ്ങൾക്ക് ചൂട് കുറഞ്ഞതായി തോന്നുമെങ്കിലും ചർമ്മത്തിന് സൺബേൺ ഏൽക്കാൻ സാധ്യത കൂടുതലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ഇന്ന് വിദഗ്ധർ ‘ഡ്യുവൽ ലെയർ’ കുടകൾ നിർദ്ദേശിക്കുന്നത്. പുറംഭാഗം സിൽവർ കോട്ടിംഗും ഉൾഭാഗം കറുപ്പുമുള്ള കുടകളാണ് വെയിലത്ത് ഏറ്റവും സുരക്ഷിതം.
പുറത്തെ സിൽവർ ഭാഗം വെയിലിനെയും ചൂടിനെയും പുറത്തേക്ക് പ്രതിഫലിപ്പിക്കുമ്പോൾ, റോഡിൽ നിന്നും മറ്റും തട്ടി പ്രതിഫലിച്ച് വരുന്ന ബാക്കി രശ്മികളെ ഉൾവശത്തെ കറുപ്പ് നിറം ആഗിരണം ചെയ്യുന്നു. സാധാരണ കുടയേക്കാൾ 15 ഡിഗ്രി വരെ കുറഞ്ഞ താപനില നൽകാൻ ഇത്തരം കുടകൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

