
വിറ്റുപോകാത്ത ഭക്ഷണങ്ങൾ വെള്ളത്തിൽ കഴുകി വൃത്തിയാക്കി പിറ്റേദിവസം വീണ്ടും വിളമ്പാൻ തയ്യാറെടുക്കുന്ന റെസ്റ്റോറന്റ് ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്. മലേഷ്യയിലെ സെംബാനിലുള്ള പാം മാളിലെ പ്രശസ്തമായ ‘നാസി കന്ദർ’ റെസ്റ്റോറന്റിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീഡിയോ വൈറലായതോടെ ആരോഗ്യവകുപ്പ് ഇടപെട്ട് റെസ്റ്റോറന്റ് അടച്ചുപൂട്ടി.
ഫെബ്രുവരി മൂന്നിന് അർദ്ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. റെസ്റ്റോറന്റിന് പിന്നിലെ ഇരുട്ടിൽ ഒരു ജീവനക്കാരൻ വിചിത്രമായ രീതിയിൽ ഭക്ഷണം കഴുകുന്നത് വഴിയാത്രക്കാരൻ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിറ്റുപോകാത്ത ചിക്കൻ, ആട്ടിറച്ചി, പരിപ്പ് കറികൾ എന്നിവ വലിയ പാത്രത്തിലിട്ട് വെള്ളമൊഴിച്ച് അതിലെ ഗ്രേവി കഴുകിക്കളയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് എന്തിനാണെന്ന് ചോദിച്ച സാക്ഷിയോട്, ഇറച്ചി കഷ്ണങ്ങൾ കഴുകി വൃത്തിയാക്കി പിറ്റേദിവസം വീണ്ടും പാകം ചെയ്ത് വിൽക്കാനുള്ളതാണെന്ന് ജീവനക്കാരൻ തുറന്നു പറഞ്ഞു.
സംഭവം ചോദ്യം ചെയ്തപ്പോൾ ഇതിൽ അപകടമൊന്നുമില്ലെന്ന വിചിത്രമായ മറുപടിയാണ് റെസ്റ്റോറന്റിലെ മറ്റ് ജീവനക്കാർ നൽകിയത്. കഴുകിയെടുത്ത ഇറച്ചി വീണ്ടും മസാല ചേർത്ത് വേവിക്കുമെന്നും അതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഇവർ വാദിച്ചു. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉണ്ടായത്. ലാഭം വർദ്ധിപ്പിക്കാനായി റെസ്റ്റോറന്റുകൾ നടത്തുന്ന ഇത്തരം ‘ചെലവ് ചുരുക്കൽ’ രീതികൾ ഉപഭോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്ന് വിവിധ ഉപഭോക്തൃ സംഘടനകൾ ചൂണ്ടിക്കാട്ടി.
വീഡിയോ വൈറലായതിന് പിന്നാലെ നെഗേരി സെമ്പിലാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 1983-ലെ മലേഷ്യൻ ഫുഡ് ആക്ട് സെക്ഷൻ 11 പ്രകാരം റെസ്റ്റോറന്റ് 14 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന ഇത്തരം പ്രവർത്തികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

