പുകവലിക്കരുതെന്ന് പറഞ്ഞു; പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവ്; റായ്പൂരിൽ നടന്ന സംഭവം ഇങ്ങനെ

FIRE PETROL PUMB

പെട്രോൾ പമ്പിൽ വെച്ച് പുകവലിക്കാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനോടുള്ള വൈരാഗ്യത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ കത്തിച്ചെറിഞ്ഞ് യുവാവ്. ചത്തീസ്ഗഢിലെ റായ്പൂരിൽ ആയിരുന്നു സംഭവം. ഫെബ്രുവരി 18-നാണ് നടുക്കുന്ന ഈ സംഭവം നടന്നത്. പമ്പ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

റായ്പൂരിലെ ഉർല മേഖലയിലുള്ള സംഘീത ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൽ വൈകുന്നേരം 7:40 ഓടെയാണ് സംഭവം നടന്നത്. ബൈക്കിൽ ഇന്ധനം നിറയ്ക്കാനായി എത്തിയതായിരുന്നു ധർമ്മേന്ദ്ര സിംഗ്, ഇമ്രാൻ ഖുറൈഷി എന്നിവർ. പമ്പ് ജീവനക്കാരൻ പെട്രോൾ നിറയ്ക്കാൻ തുടങ്ങുന്നതിനിടെ ബൈക്കിന് പിന്നിലിരുന്ന യുവാവ് ഇറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. പമ്പിൽ വെച്ച് പുകവലിക്കരുതെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് കയ്യിലിരുന്ന ലൈറ്റർ കത്തിച്ച് തുറന്നിരുന്ന പെട്രോൾ ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നു.

ALSO READ: മനം കവർന്ന് ചൈനീസ് ഇലക്ട്രിക് കാറിന്റെ റെക്കോർഡ് പ്രകടനം: മണിക്കൂറിൽ 213 കിലോമീറ്റർ വേഗതയിൽ അതിവേഗ ‘ഡ്രിഫ്റ്റിംഗ്’

നിമിഷനേരം കൊണ്ട് ടാങ്കിൽ നിന്ന് തീ ആളിപ്പടരുകയും പെട്രോൾ പമ്പിന്റെ നോസിലിലേക്ക് വ്യാപിക്കുകയും ചെയ്തു. പെട്രോൾ ടാങ്കിൽ നിന്നും കത്തുന്ന ഇന്ധനം തെറിച്ച് പ്രതികളായ രണ്ട് യുവാക്കളുടെ ശരീരത്തിലും വീണു. തീ പടർന്നതോടെ പമ്പ് ജീവനക്കാരനും മറ്റുള്ളവരും ആദ്യം ഓടിമാറിയെങ്കിലും ഉടൻ തന്നെ ജീവനക്കാരൻ തിരികെയെത്തി ഇന്ധന ഹോസ് മാറ്റുകയും മെയിൻ സപ്ലൈ ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണച്ചതോടെയാണ് വൻ അപകടം ഒഴിവായത്.

തീ നിയന്ത്രണവിധേയമായതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പമ്പ് ജീവനക്കാർ തടഞ്ഞു വെക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഉർല പോലീസ് സ്ഥലത്തെത്തി ധർമ്മേന്ദ്ര സിംഗ്, ഇമ്രാൻ ഖുറൈഷി എന്നിവരെ അറസ്റ്റ് ചെയ്തു. പൊതുജന സുരക്ഷ അപകടപ്പെടുത്തിയതിനും മനഃപൂർവം തീയിട്ടതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരുടെ ബൈക്കും സംഭവത്തിന് ഉപയോഗിച്ച ലൈറ്ററും പോലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News