
ലണ്ടൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ റെസ്റ്റോറന്‍റിലെത്തി മൂക്കുമുട്ടെ കഴിച്ചിട്ട് 23000 രൂപയുടെ ബിൽ അടയ്ക്കാതെ ഒരു സംഘം കടന്നുകളയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലുള്ള ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നാണ് പണം നൽകാതെ സംഘം ഓടിപ്പോകുന്നത്. ഓഗസ്റ്റ് നാലിന് സാഫ്രോൺ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. റെസ്റ്റോറന്റ് ഫേസ്ബുക്കിൽ പങ്കുവെച്ച ക്ലിപ്പിൽ, യുവാക്കൾ അടങ്ങുന്ന സംഘം റെസ്റ്റോറന്റിൽ എത്തി ഭക്ഷണം ഓർഡർ ചെയ്യുന്നതും പിന്നീട് പണം നൽകാതെ ഓടിപ്പോകുന്നതും കാണാം. ഒരു വെയിറ്റർ ഇവരെ പിന്തുടർന്ന് പുറത്തേക്ക് ഓടുന്നതും വീഡിയോയിലുണ്ട്.
പിന്നീട് റെസ്റ്റോറന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ബിൽ അനുസരിച്ച്, സംഘം 197.30 പൗണ്ടിന്റെ (ഏകദേശം 23,000 രൂപ) ഭക്ഷണം കഴിച്ചു. ചിക്കനം ബീഫും മട്ടനും മറ്റ് വിഭവങ്ങളും ഉൾപ്പടെയാണ് സംഘം അകത്താക്കിയത്. സംഭവത്തിന് ശേഷം, പ്രതികളെ കണ്ടെത്താനായാണ് റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. “മറ്റ് ഷോപ്പുകാർക്ക് ഒരു മുന്നറിയിപ്പ്. ഇന്നലെ രാത്രി ഏകദേശം 10:15 ന്, നാല് യുവാക്കൾ ഞങ്ങളുടെ റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാതെ പോയി. ഇത് മോഷണം മാത്രമല്ല, കഠിനാധ്വാനം ചെയ്യുന്ന ഞങ്ങളെപ്പോലെയുള്ള ചെറുകിട സംരഭകരെ ദോഷകരമായി ബാധിക്കുന്നു,” റെസ്റ്റോറന്റ് ഫേസ്ബുക്കിൽ കുറിച്ചു.
“ഞങ്ങൾ സംഭവം പോലീസിൽ അറിയിച്ചിട്ടുണ്ട്, ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. സമീപത്തുള്ള ഷോപ്പുകാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ആളുകളെ തിരിച്ചറിയുകയോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയോ ചെയ്താൽ, ദയവായി ഞങ്ങളെ നേരിട്ട് ബന്ധപ്പെടുക അല്ലെങ്കിൽ പോലീസിനെ അറിയിക്കുക. ഈ ആളുകൾക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കാൻ ഞങ്ങളെ സഹായിക്കുക” അവർ കൂട്ടിച്ചേർത്തു.
ഇൻഡിപെൻഡന്റ് റിപ്പോർട്ട് അനുസരിച്ച്, നോർത്താംപ്ടൺഷയർ പോലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 101-ൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവം ഓൺലൈനിൽ വലിയ പ്രതിഷേധത്തിന് കാരണമായി. “കാശില്ലാത്തവർ വീട്ടിൽ പോയി ഭക്ഷണം കഴിക്കണം! എന്തുകൊണ്ടാണ് ആളുകൾക്ക് ഇന്ന് പാചകം ചെയ്യാൻ ഇത്ര മടി?” ഒരു ഉപയോക്താവ് കമന്‍റ് ചെയ്തു.
“ഇതുകൊണ്ടാണ് ആളുകൾ ഇരിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ കാർഡ് സ്വൈപ്പ് ചെയ്യണമെന്ന് പറയുന്നത്. ഇവർക്ക് ഒരു മക്ഡൊണാൾഡ്‌സ് വാങ്ങാൻ പോലും കഴിവുള്ളതായി തോന്നുന്നില്ല, ഒരു 200 പൗണ്ടിന്റെ റെസ്റ്റോറന്റ് ബില്ലിന്റെ കാര്യം പറയേണ്ടതില്ല,” മറ്റൊരാൾ അഭിപ്രായപ്പെട്ടു.
“ഇത് വളരെ മോശമാണ്, അവരെ ആർക്കെങ്കിലും അറിയാമായിരിക്കും,” ഒരു ഉപയോക്താവ് പ്രതികരിച്ചു.
“നിന്ദ്യമായ പെരുമാറ്റം!” മറ്റൊരാൾ പ്രതികരിച്ചു.
“അവരെ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നു, നാണംകെട്ട പെരുമാറ്റം,” മറ്റൊരു ഉപയോക്താവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

