
ട്രക്ക് കയറി മരിച്ച ഭാര്യയുടെ മൃതദേഹം യുവാവ് ബൈക്കിൽ കെട്ടിവെച്ചുകൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമിതവേഗത്തിൽ വന്ന ട്രക്ക് ഇടിച്ചാണ് യുവതി മരിച്ചത്. സഹായത്തിനായി യുവാവ് നിലവിളിച്ചെങ്കിലും ആരും അടുത്തേക്ക് വന്നില്ല. ഇതോടെയാണ് ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവ്വെച്ചുകൊണ്ടുപോയത്. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിത് യാദവ് എന്നയാളാണ് നാഗ്പൂർ-ജബൽപൂർ ദേശീയപാതയിൽ ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്നത്.
പിന്നീട് പോലീസ് വാഹനം പിന്തുടർന്ന് ഇയാളെ തടഞ്ഞുനിർത്തിയപ്പോൾ പോലീസുകാരാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്.
രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9-നാണ് ഈ സംഭവമുണ്ടായത്. നാഗ്പൂരിലെ ലോനാരയിൽ നിന്ന് മധ്യപ്രദേശിലെ കരംപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. മോർഫാറ്റക്ക് സമീപം വെച്ച് ഒരു ട്രക്ക് ഇവരെ ഇടിച്ചുതെറിപ്പിച്ചു. അമിത് യാദവിന്‍റെ ഭാര്യ ഗ്യാർസി റോഡിലേക്ക് തെറിച്ചുവീഴുകയും തൽക്ഷണം മരിക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹത്തിന് സമീപം സഹായത്തിനായി ഭർത്താവ് ആളുകളോട് യാചിച്ചെങ്കിലും ആരും നിർത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read- റോളക്സ് സ്ഥാപകൻ നാസി ചാരനോ? തെളിവുകള്‍ പുറത്ത്
സഹായം ലഭിക്കാതെ വന്നപ്പോൾ അമിത് ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. തൊട്ടുപിന്നാലെ, പോലീസ് ജീപ്പ് പിന്തുടർന്ന് ഇയാളെ തടഞ്ഞുനിർത്തി. തുടർന്ന് യുവതിയുടെ മൃതദേഹം നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും അപകടമരണത്തിന് കേസെടുക്കുകയും ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലോനാരയിലാണ് ഇവർ താമസിച്ചിരുന്നതെങ്കിലും മധ്യപ്രദേശിലെ സിയോണി സ്വദേശികളാണ് ദമ്പതികളെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

