
ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് കാലത്തിന്‍റെ പോക്ക്. എന്തിനും ഏതിനും ഇന്‍റർനെറ്റിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. എവിടെയെങ്കിലും പോകേണ്ടി വരുമ്പോഴോ എന്തെങ്കിലും തിരയേണ്ടി വരുമ്പോഴോ നമ്മൾ ഉടനെ ഗൂഗിളിലേക്ക് പോകും. നമ്മൾ ഉപയോഗിക്കുന്ന ഫോണിലെ മിക്ക ആപ്പുകളും ഇന്‍റർനെറ്റിനെ അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്നത്. ലോകമെങ്ങും വേഗമേറിയ ഇന്‍റർനെറ്റ് കണക്ടിവിറ്റിക്കുവേണ്ടിയാണ് സർക്കാരുകളും ടെലികോം സേവനദാതാക്കളും പ്രവർത്തിക്കുന്നത്. എന്നാൽ ഇപ്പോഴും ഇന്‍റർനെറ്റ് സൗകര്യമില്ലാത്ത ലഭ്യമല്ലാത്ത ഒരു രാജ്യമുണ്ട്. അത് ഏതാണെന്ന് നോക്കാം…
കിഴക്കൻ ആഫ്രിക്കയിൽ ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന എറിട്രിയ എന്ന രാജ്യമാണ് ഇന്‍റർനെറ്റ് ഇല്ലാത്ത രാജ്യം. മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാൻ പൗരന്മാർക്ക് സാധിക്കാത്ത ലോകത്തിലെ ഏക രാജ്യമാണ് എറിട്രിയ. മൊബൈൽ ഡാറ്റയും അതുപോലുള്ള സാങ്കേതികവിദ്യകളും ഈ രാജ്യത്ത് വളരെ കുറവാണ്. ലോകത്തിലെ ഏറ്റവും രഹസ്യാത്മകതയുള്ള രാജ്യങ്ങളിൽ ഒന്നാണ് എറിട്രിയ. ജിബൂട്ടി, സുഡാൻ, എത്യോപ്യ എന്നീ രാജ്യങ്ങളാണ് എറിട്രിയയ്ക്ക് സമീപമുള്ള്.
1,17,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എറിട്രിയയിൽ ഏകദേശം 35 ലക്ഷം പേരാണ് താമസിക്കുന്നത്. ‘ഗുഡ് ന്യൂസ് ടുഡേ’ റിപ്പോർട്ട് അനുസരിച്ച്, ഈ രാജ്യത്തിന് ഔദ്യോഗിക ഭാഷയില്ല. ടിഗ്രിനിയ, അറബിക്, ഇംഗ്ലീഷ് എന്നിവയാണ് എറിട്രിയയിലെ ആളുകൾ സാധാരണയായി സംസാരിക്കുന്ന ഭാഷകൾ. ചില ആളുകൾ കുഷിറ്റിക് അല്ലെങ്കിൽ ആഫ്രോ-ഏഷ്യാറ്റിക് ഭാഷകളും സംസാരിക്കാറുണ്ട്. അസ്മാരയാണ് എറിട്രിയയുടെ തലസ്ഥാനം. നിരവധി ക്ലാസിക് ഇറ്റാലിയൻ കെട്ടിടങ്ങൾ ഉള്ളതുകൊണ്ട് അസ്മാരയെ “ചെറിയ റോം” എന്ന് വിശേഷിപ്പിക്കാറുണ്ട്. എറിട്രിയയിൽ നിലനിൽക്കുന്നത് ഒരു സ്വേച്ഛാധിപത്യ ഭരണകൂടമാണ്.
സ്വാതന്ത്ര്യം നേടിയതിന് ശേഷം ഈ രാജ്യം ഒരു തിരഞ്ഞെടുപ്പ് പോലും നടത്തിയിട്ടില്ല. 1993 മുതൽ ഇസയാസ് അഫ്‌വെർക്കി ആണ് പ്രസിഡന്റ്. എറിട്രിയ ദീർഘകാലം എത്യോപ്യയുടെയും ഇറ്റലിയുടെയും കീഴിലായിരുന്നു. 1962-ൽ എറിട്രിയ എത്യോപ്യയുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1993-ൽ ഒരു സ്വതന്ത്ര രാജ്യമായി മാറി. 1993 മുതൽ ഇസയാസ് അഫ്‌വെർക്കിയാണ് പ്രസിഡന്റ്.
പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യമില്ലാത്ത ലോകത്തിലെ ഒരേയൊരു രാജ്യമാണ് എറിട്രിയ. ജനസംഖ്യയുടെ ഏകദേശം 1% ആളുകൾ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിച്ചിട്ടുള്ളതായി അറിയപ്പെടുന്നത്. എറിട്രിയയിൽ മൊബൈൽ ഡാറ്റാ സേവനമില്ല, ആളുകളുടെ വീടുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഒരു വഴിയുമില്ല. രാജ്യത്തുടനീളമുള്ള ചുരുക്കം ചില കഫേകളിൽ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഈ കഫേകളിൽ ആളുകൾ തങ്ങളുടെ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് വൈഫൈ വഴി ഇന്റർനെറ്റുമായി ബന്ധപ്പെടുന്നു. എന്നാൽ ഈ കഫേകളിലെ ഇന്റർനെറ്റ് വേഗത വളരെ കുറവാണ് – പലപ്പോഴും 2G-യിൽ താഴെയായിരിക്കും.
ഈ കഫേകളിലെ നിരക്ക് കൂടുതലായതിനാൽ എറിട്രിയയിലെ മിക്ക ആളുകൾക്കും സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല. ഒരു മണിക്കൂർ വൈഫൈ ഉപയോഗിക്കുന്നതിന് ഏകദേശം 100 എറിട്രിയൻ നക്ഫ (100 രൂപയിൽ അൽപ്പം കൂടുതൽ) ഈടാക്കുന്നു. രാജ്യത്തിന്റെ ദുരിതപൂർണ്ണമായ സാമ്പത്തിക സ്ഥിതി കാരണം, വളരെ ചെറിയൊരു വിഭാഗം ആളുകൾക്ക് മാത്രമേ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയുന്നുള്ളൂ.
Also Read- നാഗസാക്കി ദിനത്തിന്റെ ഭാഗമായി “പീസ് ടവർ” ഒരുക്കി കൊല്ലം ഗവ. ടിടിഐയിലെ കുരുന്നുകൾ
ഇവിടുത്തെ പൗരന്മാർ നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടതുണ്ട്. എറിട്രിയയിൽ സ്വകാര്യമേഖലയിൽ അധികം സേവനങ്ങളൊന്നുമില്ല – ആശുപത്രികൾ, വിമാനക്കമ്പനികൾ, ഗതാഗതം, ടെലിവിഷൻ എന്നിവയെല്ലാം സർക്കാർ നടത്തുന്നതാണ്. എറിട്രിയയിൽ എടിഎം സേവനങ്ങളില്ല. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ എറിട്രിയ അവസാന സ്ഥാനത്താണ്. സ്വതന്ത്ര വാർത്തകളോ സ്വതന്ത്ര പത്രപ്രവർത്തകരോ ഇല്ല. സർക്കാർ നടത്തുന്ന ഒരു ടിവി ചാനലാണ് ഏക പ്രക്ഷേപണ സേവനം. വിദേശ ചാനലുകൾക്ക് എറിട്രിയയിൽ സംപ്രേഷണ അവകാശമില്ല.
സർക്കാർ അനുമതിയില്ലാതെ ആളുകൾക്ക് രാജ്യം വിടാൻ കഴിയില്ല. അത്തരത്തിൽ രാജ്യം വിട്ടുപോകാൻ ശ്രമിക്കുന്ന ആരെയും കണ്ടാലുടൻ വെടിവയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. എറിട്രിയയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

