
ഇൻറർനെറ്റിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ ‘പഞ്ച്’ എന്ന കുട്ടിക്കുരങ്ങന് ഒടുവിൽ സ്നേഹിക്കാൻ കൂട്ടുകാരെ കിട്ടി എന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തുവരുന്നത്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട പഞ്ചിനെ ജനിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ചിരുന്നു.
തന്റെ കൂട്ടത്തിലെ മറ്റ് കുട്ടിക്കുരങ്ങുകൾ അമ്മമാരോടൊപ്പം കളിച്ചുനടക്കുമ്പോൾ, സ്നേഹത്തിനായി കൊതിച്ചു ചെന്ന പഞ്ചിനെ അമ്മ ഉപദ്രവിച്ച് ഓടിക്കുമായിരുന്നു. ഇതോടെ തീർത്തും ഒറ്റപ്പെട്ടുപോയ പഞ്ചിന് മൃഗശാല അധികൃതർ നൽകിയ ഒരു പ്ലഷ് പാവയായിരുന്നു ഏക ആശ്വാസം. ഉറങ്ങുമ്പോഴും മരം കയറുമ്പോഴുമെല്ലാം ആ പാവയെ നെഞ്ചോട് ചേർത്തുപിടിച്ചു കഴിയുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകം മുഴുവൻ ഈ കുഞ്ഞിനൊരു കൂട്ട് കിട്ടുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു.
ALSO READ : വെടിയേറ്റിട്ടും കുലുങ്ങിയില്ല; കിഷ്ത്വാറിൽ 3 ഭീകരരെ വധിക്കാൻ വഴികാട്ടിയായി ധീരനായ ‘ടൈസൺ’
പഞ്ചിന്റെ സങ്കടകരമായ അവസ്ഥ കണ്ടറിഞ്ഞ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സഹായഹസ്തങ്ങൾ എത്തിയിരുന്നു. പ്രശസ്ത ഇന്റർനെറ്റ് വ്യക്തിത്വമായ ട്രിസ്റ്റൻ ടെയ്റ്റ് 2.26 കോടി രൂപ നൽകി പഞ്ചിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ, പ്രമുഖ കമ്പനിയായ ഐകെഇഎ (IKEA) പഞ്ചിന് കളിക്കാൻ ഒട്ടനവധി പാവക്കുട്ടികൾ സമ്മാനിച്ചു. പഞ്ചിനെ ദത്തെടുക്കാൻ സാധിക്കുമോ എന്നന്വേഷിച്ച് ആയിരക്കണക്കിന് കമന്റുകളാണ് മൃഗശാലയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞത്. മനുഷ്യരുടെ സ്നേഹവും കരുതലും ഒരുപോലെ പഞ്ചിനായി ഒഴുകിയ ദിവസങ്ങളായിരുന്നു കടന്നുപോയത്.
ഏവരുടെയും പ്രാർത്ഥനകൾ ഫലിച്ചതുപോലെ, ഇപ്പോൾ മൃഗശാലയിലെ മറ്റ് കുരങ്ങുകൾ പഞ്ചിനെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് അധികൃതർ പങ്കുവെക്കുന്നത്. കൂട്ടത്തിലെ പ്രായംചെന്ന ഒരു കുരങ്ങൻ പഞ്ചിനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ആശ്വാസത്തിലാണ്. പഞ്ച് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും മറ്റ് കുരങ്ങുകളുമായി പൊരുത്തപ്പെട്ടു വരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഒരു പാവക്കുട്ടിയുടെ നെഞ്ചിൽ അഭയം തേടിയ ആ കുഞ്ഞുജീവൻ ഇനി സ്വന്തം വർഗ്ഗത്തിന്റെ സ്നേഹത്തണലിൽ വളരുമെന്ന പ്രതീക്ഷയിലാണ് മൃഗസ്നേഹികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

