
വിവാഹമെന്നത് ഒരുപാട് ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണ് എന്നാണ് എല്ലാവരും പറയുന്നത്. വീട്ടുകാർ ആലോചിക്കുന്ന വിവാഹത്തിന് ആണ് നിങ്ങൾ തയാറെടുക്കുന്നത് എങ്കിൽ നിങ്ങൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി ഓരോ ആലോചനയുടെയും പുരോഗതി ഓർത്തുവെക്കുക എന്നത് ആണ്. എന്നാൽ സംഭവം വളരെ ‘സിമ്പിൾ’ ആണെന്ന് ആണ് പൂനെയിൽ നിന്നുള്ള 28-കാരൻ പറയുന്നത്. അതിനായി ‘പ്രൊഫഷണൽ’ പരിഹാരം ആണ് ഈ യുവാവ് കണ്ടെത്തിയത്. ഒരു മെറ്റൽ കമ്പനിയിൽ പ്രൊക്യുയർമെന്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന വികാസ്, തന്റെ വിവാഹാലോചനകൾ കൃത്യമായി കൈകാര്യം ചെയ്യാൻ ഒരു എക്സൽ സ്പ്രെഡ്ഷീറ്റാണ് (Excel spreadsheet) തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷമായി കുടുംബത്തോടൊപ്പം പൂനെയിൽ താമസിക്കുന്ന വികാസിനോട് വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം അനുയോജ്യയായ പങ്കാളിയെ തേടിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കൾ പെൺകുട്ടികളുടെ വിവരങ്ങളോ ഫോൺ നമ്പറുകളോ നൽകിയാൽ അന്നേ ദിവസം വൈകുന്നേരം തന്നെ അതിന്റെ പുരോഗതി അറിയിക്കാൻ അവർ ആവശ്യപ്പെടാറുണ്ടായിരുന്നു.
ALSO READ: ഞങ്ങളുമുണ്ട് ട്രെൻഡിന് ഒപ്പം; വൈറൽ കാരിക്കേച്ചര്‍ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രിമാർ
ഓരോരുത്തരോടും സംസാരിച്ച കാര്യങ്ങളും നിലവിലെ അവസ്ഥയും കൃത്യമായി ഓർത്തുവെക്കാനും മാതാപിതാക്കളെ എളുപ്പത്തിൽ വിവരങ്ങൾ ധരിപ്പിക്കാനുമാണ് വികാസ് ഈ വഴി തിരഞ്ഞെടുത്തത്. പെൺകുട്ടികളുടെ പേര്, ഫോൺ വിളിച്ചതിന്റെ വിവരങ്ങൾ, അവരുടെ പ്രതികരണം (Feedback) എന്നിവയാണ് ഈ ഷീറ്റിൽ രേഖപ്പെടുത്തുന്നത്. വികാസിന്റെ ഈ പരീക്ഷണം മാതാപിതാക്കൾക്കും വലിയ സഹായമായിരിക്കുകയാണ്. വികാസിന്റെ രീതി കണ്ട് വിവാഹത്തിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും ഇപ്പോൾ സമാനമായ ട്രാക്കറുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് വികാസ് തന്റെ ഈ വ്യത്യസ്തമായ രീതി പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ വൈറലായി മാറുകയും നിരവധി ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. “മികച്ച ആശയം”, “ഗംഭീരം” എന്നിങ്ങനെ നിരവധി പേർ ഈ രീതിയെ പ്രശംസിച്ചപ്പോൾ, തങ്ങളും പങ്കാളിയെ കണ്ടെത്താൻ സമാനമായ വഴികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചിലർ കമന്റ് ചെയ്തു. എന്നാൽ ഈ രീതി തികച്ചും വിചിത്രമാണെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


