
പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹങ്ങളെ കുറിച്ച് പറയുന്നതിനിടയിൽ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വെവ്വേറെ പരാമർശിച്ച് നടൻ സൽമാൻ ഖാൻ വീണ്ടും സോഷ്യൽ മീഡിയയിൽ വാർത്ത കേന്ദ്രമാകുകയാണ്. സൗദി അറേബ്യയിലെ റിയാദിൽ നടന്ന ജോയ് ഫോറം 2025 ൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് സൂപ്പർതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സൽമാൻ ഖാന്‍റെ ബലൂചിസ്താൻ പരാമർശം. പാക് സർക്കാരിനെതിരെ പലപ്പോഴായി സായുധ കലാപം നടക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ.
പശ്ചിമേഷ്യയിലുള്ള ദക്ഷിണേഷ്യക്കാർക്ക് ഇടയിൽ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ കുറിച്ച് സംസാരിക്കുമ്പോഴാണ് സൽമാൻ ഖാൻ ബലൂചിസ്ഥാനെ പ്രത്യേകം എടുത്തു പറഞ്ഞത്.
ALSO READ; ഓടിടിയുടെ ദീപാവലി സമ്മാനം: ലോക ഉള്‍പ്പെടെ സ്ട്രീമിങ്ങിനായി എത്തുന്നു കിടിലൻ ചിത്രങ്ങള്‍
‘ഇപ്പോൾ ഒരു ഹിന്ദി സിനിമ ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ അത് സൂപ്പർഹിറ്റാകും. അതുപോലെ തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമയായാലും കോടികളുടെ ബിസിനസ്സ് ഉണ്ടാകും. കാരണം മറ്റ് രാജ്യങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഇവിടെ വന്നിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്; എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു’ – എന്നായിരുന്നു സൽമാൻ ഖാന്‍റെ വാക്കുകൾ.
ബലൂചിസ്ഥാൻ എന്ന് നാക്കുപിഴ പറ്റി പറഞ്ഞതാണോ അതോ മനഃപൂർവം ഉപയോഗിച്ചതാണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചർച്ച ചെയ്യുന്നത്. ചർച്ച ചൂടുപിടിച്ചതോടെ ഈ ക്ലിപ്പ് വൈറലാവുകയും ചെയ്തു. പാകിസ്ഥാനിലെ ഒരു പ്രവിശ്യയായ ബലൂചിസ്ഥാനെ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസാരിക്കണമെങ്കിൽ നാക്കുപിഴയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Finally @BeingSalmanKhan acknowledged Balochistan is not Part of Pakistan ✌️❤️🙏
— Bilal Baloch (@bbfr74) October 18, 2025
Salam Khan said “ People of Balochistan, Afghanistan , Pakistan & everywhere”@BDUTT #Balochistan #Baloch pic.twitter.com/TgdqrZhzr6
ബലൂചിസ്ഥാനിലെ ജനങ്ങളെ പാകിസ്ഥാൻ ജനതയിൽ നിന്നും സൽമാൻ വേർതിരിക്കുകയാണോ മാധ്യമപ്രവർത്തക സ്മിത പ്രകാശ് എക്‌സിൽ ചോദിച്ചു. ബലൂചിസ്ഥാൻ ‘സ്വതന്ത്ര പ്രദേശ’മാണെന്ന് മനഃപൂർവം അദ്ദേഹം പൊതുവേദിയിൽ പറയുകയാണോ എന്നും ചോദ്യങ്ങൾ ഉയർന്നു. നടനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുള്ളത്.
ബലൂചിസ്ഥാനിലെ പാക് വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം പലപ്പോഴും പാകിസ്ഥാൻ ഉയർത്താറുണ്ട്. ബലൂച് ആർമിയുടെ ആക്രമണത്തിൽ വർഷവും നിരവധി പാക് പട്ടാളക്കാരാണ് ഇവിടെ കൊല്ലപ്പെടാറുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

