ഇന്തോനേഷ്യക്ക് പിന്നാലെ നേപ്പാളിലും സ്ട്രോ ഹാറ്റ് ഫ്ലാഗുയർത്തി യുവത; ഒരു ‘കാർട്ടൂൺ’ കൊടിക്ക് പിന്നിലെ വിമോചനപ്പോരാട്ടങ്ങളുടെ കഥ

straw hat flag one piece

മുഹമ്മദ് യാസീൻ എസ് ആർ

ഇന്തോനേഷ്യയിൽ സർക്കാരിനെതിരെ തെരുവിൽ പോരാട്ടം നടത്തിയ അവിടത്തെ ജനത ഉയർത്തിപ്പിടിച്ച ഒരു കൊടി ലോകശ്രദ്ധ ആകർഷിച്ചിരുന്നു. ചുവപ്പും വെളുപ്പും ചായമടിച്ച ഇന്തോനേഷ്യൻ പതാകക്കൊപ്പം പറന്ന ആ കൊടിയെ സർക്കാർ ‘രാജ്യവിരുദ്ധമായി’ പ്രഖ്യാപിക്കുകയും അത് കയ്യിലേന്തുന്നത് ക്രിമിനൽ കുറ്റമാക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര തലത്തിൽ മാധ്യമങ്ങൾ പോലും വിഷയം ചർച്ച ചെയ്തു. വൈക്കോൽ തൊപ്പിവച്ച ഒരു തലയോട്ടി ചിഹ്നം പതിച്ച ആ പൈറേറ്റ് ഫ്ലാഗ് ജാപ്പനീസ് മാംഗയായ (ചിത്രകഥാ പംക്തി) ‘വൺപീസ്’ എന്ന ഒരു ഫിക്ഷണൽ ലോകത്ത് നിന്നെത്തിയതാണ് എന്നറിഞ്ഞ് ലോകം മൂക്കിൽ കൈവച്ചു.

ഇപ്പോ‍ഴിതാ, പ്രധാനമന്ത്രിയെ പോലും കസേരയിൽ നിന്നും താ‍ഴെയിറക്കിയ നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലും തെരുവുകളിൽ ‘സ്ട്രോ ഹാറ്റ്’ ജോളി റോജർ എന്നറിയപ്പെടുന്ന ആ പതാക പാറിപ്പറക്കുകയാണ്. അത് വെറുമൊരു ചിത്രകഥയിൽ നിന്നെത്തിയ ഫിക്ഷണൽ പ്രോപ്പർട്ടിയല്ല. അടിച്ചമർത്തപ്പെട്ട ഒന്നല്ല, ഒരുപാട് ജനതകളുടെ വിമോചന പോരാട്ടങ്ങളുടെ കഥകൾ ഒളിപ്പിച്ച ഒരു വമ്പൻ ഫ്രീഡം മൂവ്മെന്‍റിന്‍റെ പ്രതീകമാണ്. അതിന്‍റെ ചരിത്രം അന്വേഷിക്കുന്നവർക്ക് ഇരുപത്തെട്ട് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.

വൺപീസ് – വിമോചനപ്പോരാട്ടങ്ങളുടെ ‘വർത്തമാന’ പുസ്തകം

1997 ഇൽ ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ ഐച്ചിറോ ഒഡ സൃഷ്ടിച്ചെടുത്ത ലോകമാണ് വൺ പീസിന്‍റേത്. കടൽക്കൊള്ളക്കാരുടെ അടുത്ത രാജാവാകാൻ “വൺ പീസ്” എന്നറിയപ്പെടുന്ന പുരാണ നിധി തേടി കടലിൽ യാത്രക്കിറങ്ങുന്ന മങ്കി ഡി ലുഫി എന്ന പതിനേ‍ഴുകാരന്‍റെയും കൂട്ടുകാരുടെയും അനുഭവങ്ങളാണ് ഈ മാംഗ/ അനിമേയുടെ കഥാതന്തു. എന്നാൽ അതിലുപരി ഇന്നത്തെ ലോകത്തെ സാധാരണ മനുഷ്യരെ വരിഞ്ഞുമുറുക്കിയിരിക്കുന്ന അദൃശ്യമായ ചങ്ങലകളെ തുറന്നുകാട്ടുന്ന സൃഷ്ടി കൂടിയാണിത്.

ഐച്ചിറോ ഓഡ

നായകനും സംഘവും സഞ്ചരിച്ചെത്തുന്ന ഓരോയിടങ്ങളിലും ഓരോ രീതികളിൽ അടിച്ചമർത്തപ്പെട്ട മനുഷ്യരെ നമുക്ക് കാണാം. ചിലതിൽ അവർ ബോധ്യവാന്മാരാണ്. ചിലയിടങ്ങളിൽ തങ്ങളെ ചങ്ങലക്കിട്ടിരിക്കുകയാണ് അവർക്ക് തിരിച്ചറിയാൻ പോലുമാകുന്നില്ല. എല്ലാത്തിനും മുകളിൽ പരമോന്നത ശക്തിയായി ഒരു ‘വേൾഡ് ഗവൺമെന്‍റ്’ എന്നറിയപ്പെടുന്ന ഒരു കറപ്റ്റായ ഓർഗനൈസേഷനും. ഇതിനെതിരെയുള്ള പോരാട്ടമാണ് വൺപീസിന്‍റെ ഹൈലൈറ്റ്. മിത്തുകളും യാഥാർഥ്യവും ഇടകലർത്തിയുള്ള എ‍ഴുത്തിലൂടെ ഓഡ തലമുറകൾക്ക് പ്രചോദനം നൽകുന്ന ഒരു വിമോചന പ്രസ്ഥാനം തന്നെ സൃഷ്ടിച്ചുവെന്ന് വേണമെങ്കിൽ പറയാം.

ഏകാധിപത്യഭരണങ്ങൾ, അടിമത്വം(slavery), നീതി നിഷേധം, വർഗീയത, വർണ-വർഗ വിവേചനം, യുദ്ധം, അടിച്ചേൽപിക്കപ്പെട്ട പട്ടിണി, സൈനികഭരണം, ആഭ്യന്തര സംഘർഷങ്ങൾ, സ്വകാര്യ വ്യവസായഭീമന്മാരുടെ ജനവിരുദ്ധ താത്പര്യങ്ങൾ, ഗവൺമെന്‍റുകൾ തന്നെ നേതൃത്വം നൽകുന്ന വംശഹത്യ – ഇങ്ങനെ സമകാലിക ലോകത്തെ ജനാധിപത്യക്കശാപ്പുകളും അടിച്ചമർത്തലുകളും ഹത്യകളും തുറന്ന് കാണിക്കുന്ന സാഹിത്യസൃഷ്ടിയാണ് വൺപീസ്. ഈ അനീതികൾക്കെതിരെ പോരാടുന്ന ഒരു കൂട്ടം കടൽക്കൊള്ളക്കാരുടെയും വിപ്ലവകാരികളുടെയും (revolutionaries) സാധാരണക്കാരുടെയും കഥയാണ് വൺപീസ് പറയുന്നതും.

ഫിക്ഷനിൽ നിന്ന് യാഥാർഥ്യത്തിലേക്ക്…

500 മില്യൺ കോപ്പികളുമായി ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോയ സാഹിത്യ സൃഷ്ടികളിൽ ഒന്നായി മാറി ഷേക്സ്പിയറിനും അഗതാ ക്രിസ്റ്റിക്കും ഒപ്പം സ്ഥാനം പിടിച്ച എ‍ഴുത്തുകാരനാണ് ഐച്ചിറോ ഓഡ. പട്ടികയിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും അദ്ദേഹം തന്നെ. കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയാണ് അദ്ദേഹം വൺപീസിന്‍റെ കഥയെ‍ഴുതി തുടങ്ങിയതെങ്കിലും മുതിർന്നവരെ പോലും സ്വാധീനിക്കുന്ന ആശയങ്ങൾ അതിലൂടെ പിറവിയെടുത്തു. അതിന്‍റെ തെളിവാണ് ഫിക്ഷണൽ കഥകൾ എന്ന പരിധിക്കപ്പുറം യഥാർഥ ലോകത്തിന്‍റെ ജനകീയ പോരാട്ടങ്ങളുടെ പ്രതീകമായി സാധാരണക്കാർ തെരുവുകളിൽ ഉയർത്തി പിടിക്കുന്ന സ്ട്രോ ഹാറ്റ് പതാക.

ഇന്തോനേഷ്യയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്

ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്റോ നയിച്ച സർക്കാരിനെതിരെ ജനം തെരുവിൽ ഇറങ്ങിയപ്പോൾ പോരാട്ടത്തിന്‍റെ ഭാഗമായി സ്ട്രോ ഹാറ്റ് ഫ്ലാഗ് ഉയർത്തിയതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ പ്രചാരം നേടിയിരുന്നു. നേപ്പാളിലും സ്ഥിതി മറ്റൊന്നല്ല. പല രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര സംഘർഷവും അസ്ഥിരതയും നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ നീതിക്ക് വേണ്ടി തെരുവിൽ ഇറങ്ങാൻ ആഹ്വാനം ചെയ്യുന്നു. കൊടികൾക്കും രാജ്യാതിർത്തികൾക്കും അപ്പുറം കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരുടെ പോരാട്ടങ്ങൾ ഒറ്റക്കൊടിയുടെ കീ‍ഴിലേക്ക് കൊണ്ടുവരാൻ ഈ ട്രെൻഡിനാകുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News