
കൊച്ചുകുട്ടികളെ പരിപാടികൾക്കായി തയാറാക്കുക എന്ന് പറയുന്നത് ശ്രമകരമായ ജോലി തന്നെ ആണ്. അതിനു അവർക്ക് നൽകുന്ന കയ്യടികൾ പലതും ലഭിക്കേണ്ടത് അവരെ അതിനായി ഒരുക്കിയെടുത്ത മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്. അതിനായി അവർ നടത്തുന്ന പരിശ്രമങ്ങളുടെ വിഡിയോകൾ പലപ്പോഴും വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സ്കൂൾ പരിപാടിക്കിടെ, വിദ്യാർത്ഥികളെ കുറ്റമറ്റ രീതിയിൽ പ്രകടനം നടത്താൻ സഹായിക്കുന്നതിനായി ഒരു ദില്ലി അധ്യാപിക സ്റ്റേജിലെ ഒരു പ്രോപ്പിന് പിന്നിൽ ഒളിഞ്ഞുനിന്ന് മാർഗ്ഗനിർദ്ദേശം നൽകുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ജെ.എം. കോൺവെന്റ് സ്കൂളിലെ ‘രംഗ്മഞ്ച് 2025’ വാർഷിക ദിനാഘോഷത്തിനിടയിലാണ് രസകരമായ സംഭവം. അധ്യാപിക സ്റ്റേജിൽ ഒരു കട്ടൗട്ടിന് പിന്നിൽ നിന്നു. കാണികൾക്ക് അധികം കാണാൻ കഴിയാത്ത വിധമായിരുന്നു അവരുടെ നിൽപ്പ്. വലിയൊരു ജനക്കൂട്ടത്തിന് മുന്നിൽ പ്രകടനം നടത്തുന്ന കുട്ടികൾക്ക് ഒരു ‘ലൈവ് ക്യൂ’ എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട്, അവർ കൈകൾ വീശുകയും നൃത്ത ചുവടുകൾ കാണിച്ചുകൊടുക്കുകയും ചെയ്തു. അധ്യാപികയുടെ ഈ പ്രോത്സാഹനപരമായ നീക്കങ്ങളും ഭാവങ്ങളും കുട്ടികൾക്ക് താളത്തിനൊത്ത് നൃത്തം ചെയ്യാനും ആത്മവിശ്വാസത്തോടെ സ്റ്റേജിൽ നിൽക്കാനും സഹായിക്കുന്നത് ആയിരുന്നു.
പ്രകടനത്തിനിടയിൽ കുട്ടികൾക്ക് ചുവടുകൾ തെറ്റാതെയിരിക്കാൻ അധ്യാപികയുടെ ഈ മറഞ്ഞിരുന്ന മാർഗ്ഗനിർദ്ദേശം സഹായിച്ചു. സ്റ്റേജ് പ്രകടനങ്ങൾ പോലുള്ള സമ്മർദ്ദമുള്ള നിമിഷങ്ങളിൽ വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ അധ്യാപകർ എടുക്കുന്ന അദൃശ്യമായ പരിശ്രമം ഈ വിഡിയോയിൽ കാണാൻ സാധിക്കും.
ALSO READ: പൊതുവേദിയിൽ യുവതിയുടെ ഹിജാബ് വലിച്ചൂരിയ സംഭവം; നിതീഷ് കുമാറിനെതിരെ പരാതി
ഏക്ത മഞ്ചൽ (@ektarjun) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. അധ്യാപികയുടെ അർപ്പണബോധത്തെയും നിസ്വാർത്ഥതയെയും നിരവധി ആളുകൾ പ്രശംസിച്ചു, അധ്യാപികയുടെ അസാധാരണമായ പരിശ്രമങ്ങളെ സ്കൂൾ അധികൃതർ അഭിനന്ദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ചിലർ കുറിച്ചു. വീഡിയോ കണ്ട പലർക്കും സ്വന്തം സ്കൂൾ ദിനങ്ങളെക്കുറിച്ചും അവർക്കായി കൂടുതൽ പ്രയത്നിച്ച അധ്യാപകരെക്കുറിച്ചും ഓർമ്മ വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

