
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ മഴ തന്നെ പെയ്യുകയാണ്. ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിന് എയിംസോ (AIIMS) ശബരി റെയിലോ പോലുള്ള വമ്പൻ പദ്ധതികൾ ലഭിക്കുമെന്ന് കരുതിയവർക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയത് വളരെ വ്യത്യസ്തമായ ഒരു പദ്ധതിയാണ്, ‘ടർട്ടിൽ ട്രയൽസ്’ എന്ന കടലാമ സംരക്ഷണ പദ്ധതി.
കേരളം വളരെ കാലമായി ചോദിച്ചുകൊണ്ടിരിക്കുന്ന എയിംസ്, സിൽവർ ലൈൻ, ശബരി റെയിൽ എന്നിവയെക്കുറിച്ച് ബജറ്റിൽ മിണ്ടാട്ടമില്ല. പകരം ഒഡീഷയ്ക്കൊപ്പം കേരളത്തിലെ തീരങ്ങളിലും കടലാമകൾക്ക് മുട്ടയിടാനും പ്രജനനത്തിനുമുള്ള സൗകര്യം ഒരുക്കി ഇക്കോ ടൂറിസം വളർത്താനാണ് കേന്ദ്ര തീരുമാനം.
ALSO READ: കടലാമയുടെ മുട്ടയ്ക്ക് എന്താണ് പ്രത്യേകത?
“എയിംസ് ചോദിച്ചപ്പോൾ ആമയെ കിട്ടി”, “കേരളത്തിലെ ജനങ്ങൾ ഇനി ആമയെ തിന്നണോ?” തുടങ്ങിയ പരിഹാസങ്ങളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിറഞ്ഞു കഴിഞ്ഞു. നിർമ്മല സീതാരാമന്റെ കയ്യിൽ നിന്നും കടലാമക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങുന്ന മലയാളിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ.
മാത്രമല്ല, മറ്റൊരു ട്രോളും വരാനുണ്ട്. സുരേഷ് ഗോപി എം പിയോട് ഫോണിൽ സംസാരിക്കുന്ന നിർമല സീതാരാമൻ. ‘ഉങ്കളുക്ക് എയിംസ് താനെ വേണോം ?’ എന്ന് ധനമന്ത്രി ഛേദിക്കുമ്പോൾ ‘ആമ.. ആമ..’ എന്ന് സുരേഷ് ഗോപി മറുപടി നൽകുന്നതാണ് അത്. എന്തായാലും എയിംസ് കാത്തിരുന്ന കേരളത്തിന് അണമുട്ടയാണ് ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രത്യേകമായി ആവശ്യപ്പെട്ട 21,000 കോടി രൂപയുടെ പാക്കേജിനെക്കുറിച്ച് ബജറ്റിൽ യാതൊരു സൂചനയുമില്ല. ഇതിലൂടെ കേന്ദ്രം കേരളത്തെ വീണ്ടും തഴഞ്ഞുവെന്ന ആരോപണം ശക്തമാണ്. തഴഞ്ഞു എന്ന് മാത്രമല്ല, തഴയപ്പെട്ടുവെന്നു മനസിലാക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതും.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, വികസനത്തിന് പകരം കടലാമകളെ കാണിച്ച് ജനങ്ങളെ പറ്റിക്കാനാവില്ലെന്ന് ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഒരുപോലെ പ്രതികരിക്കുന്നു. ഇത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരിലേക്ക് വഴിമാറുമെന്ന് ഉറപ്പാണ്.
ചുരുക്കത്തിൽ, വൻകിട വ്യവസായങ്ങളും മെട്രോ വികസനവും സ്വപ്നം കണ്ടിരുന്ന മലയാളിക്ക് മുന്നിലേക്ക് കടലാമ സംരക്ഷണം അവതരിപ്പിച്ചത് വല്ലാത്തൊരു ഐറണിയായിപ്പോയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇനി കേരളത്തിന്റെ തീരങ്ങളിൽ ആമകൾ സുഖമായി മുട്ടയിടട്ടെ, വികസനം സാവധാനം ‘ആമവേഗതയിൽ’ നടക്കട്ടെ!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


