
ദില്ലിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഒരു വ്യത്യസ്തമായ വെൻഡിംഗ് മെഷീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനൊരു കാരണവുമുണ്ട്. സാധാരാണ ചിപ്‌സുകളും സോഡാ ക്യാനുകളും ആണ് വെൻഡിംഗ് മെഷീനുകളിൽ കാണാൻ സാധിക്കുക. എന്നാൽ ഇവിടെയുള്ള വെൻഡിംഗ് മെഷീനുകളിൽ അടിവസ്ത്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏഴ് ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടത്.
ഒരു യാത്രക്കാരി പങ്കുവെച്ച വീഡിയോയിൽ, മെട്രോ സ്റ്റേഷനിൽ ഇത്തരമൊരു നൂതനമായ മാറ്റം കണ്ട് അവർ അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്യുന്നത് കാണാം. “ആരെങ്കിലും മെട്രോയിൽ പോകുമ്പോൾ അടിവസ്ത്രം മറന്നുപോയി എന്ന് കരുതി ഇവിടെ നിന്ന് വാങ്ങുമോ?” എന്ന് അവർ വീഡിയോയിൽ തമാശയായി ചോദിക്കുന്നുണ്ട്. എന്നാൽ ഈ വെൻഡിംഗ് മെഷീൻ നൂതനമായ ഒരു ആശയമാണെന്നും മികച്ച സൗകര്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ഈ നീക്കത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ആർത്തവ സമയത്തോ വസ്ത്രങ്ങളിൽ അഴുക്കോ കറയോ പറ്റുന്ന സാഹചര്യങ്ങളിലോ സ്ത്രീകൾക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാകുമെന്ന് ഒരു യുവതി കമന്റ് ചെയ്തു. ഇത്തരം വെൻഡിംഗ് മെഷീനുകൾ ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ സർവ്വസാധാരണമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തിരക്കേറിയ ലോകത്ത് സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാൻ സമയം ലഭിക്കാത്തവർക്ക് ഇത് ഏറെ സഹായകമാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. വെൻഡിംഗ് മെഷീനുകൾ ലഘുഭക്ഷണങ്ങൾ വിൽക്കാൻ മാത്രമുള്ളതാണെന്ന ചിന്താഗതി മാറണമെന്നും അവർ പറയുന്നു. ഇതിന് പുറമെ, സ്റ്റേഷനറി സാധനങ്ങൾ, തയ്യൽ കിറ്റുകൾ, ഹാൻഡ് സാനിറ്റൈസർ, ടിഷ്യൂ പേപ്പർ, കുട്ടികൾക്കുള്ള കളർ പെൻസിലുകൾ തുടങ്ങിയവയും ഇത്തരം മെഷീനുകളിൽ ലഭ്യമാക്കണമെന്ന് യാത്രക്കാർ നിർദ്ദേശിക്കുന്നുണ്ട്. എന്തായാലും വരും നാളുകളിൽ ഇത്തരത്തിലുളള വെൻഡിംഗ് മെഷീനുകൾ രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെടും എന്ന് തന്നെ ആണ് ആളുകൾ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


