
സ്വർണത്തിന്റെ ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങലൊക്കെ കണക്കാണ്. എന്നാലും ജ്വല്ലറികളിൽ നിന്ന് സ്വർണ്ണമോ വെള്ളിയോ വാങ്ങുമ്പോൾ അവ പിങ്ക് നിറത്തിലുള്ള പേപ്പറിൽ പൊതിഞ്ഞു തരുന്നത് നിങ്ങൾ കണ്ടിട്ടില്ലേ ? അത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ ? വെറുമൊരു അലങ്കാരത്തിനോ ബ്രാൻഡിംഗിനോ വേണ്ടിയല്ല ഇത്തരത്തിൽ ചെയ്യുന്നത്.
ഇന്ത്യൻ സംസ്കാരത്തിൽ പിങ്ക് നിറം ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. സ്വർണ്ണം നേരിട്ട് വെളുത്തതോ കറുത്തതോ ആയ പേപ്പറിൽ പൊതിയുന്നത് ദോഷകരമാണെന്നൊരു വിശ്വാസവും ചില ജ്വല്ലറികൾ പങ്കുവെക്കുന്നു.
സ്വർണ്ണവും വെള്ളിയും വായുവുമായി നേരിട്ട് സമ്പർക്കത്തിലായാൽ അവയുടെ തിളക്കം കുറയാനോ നിറം മാറാനോ സാധ്യതയുണ്ട്. ജ്വല്ലറികളിൽ ഉപയോഗിക്കുന്ന പിങ്ക് പേപ്പറുകൾ സാധാരണയായി ആസിഡ് കുറഞ്ഞ (acid-free) പേപ്പറുകളായതിനാൽ ലോഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ, പിങ്ക് നിറം സ്വർണ്ണത്തിന്റെ മിനുക്കം വർദ്ധിപ്പിക്കുകയും ആഭരണം കൂടുതൽ ആകർഷകമായും വിലപ്പെട്ടതായും തോന്നിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വെള്ളക്കടലാസിൽ വെള്ളി വയ്ക്കുന്നത് നിറങ്ങളിലെ സമാനത കാരണം അതിന്റെ തിളക്കം മങ്ങിക്കുന്നു. മഞ്ഞയോ മറ്റ് നിറങ്ങളോ വെള്ളിയുടെ യഥാർത്ഥ തിളക്കം എടുത്തുകാണിക്കുന്നില്ല. പിങ്ക് മാത്രമേ പ്രകാശത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നുള്ളൂ, ഇത് ആഭരണങ്ങൾക്ക് സമ്പന്നമായ ഒരു രൂപം നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

