
തിരുവനന്തപുരം നഗരത്തിലെ മാലിന്യസംസ്‌കരണ രംഗത്തെ വെല്ലുവിളികള്‍ക്ക് നാല് മാസത്തിനകം ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിനായി വിപുലമായ ആക്ഷന്‍ പ്ലാനിന് രൂപം നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി വി ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ചുമതല വഹിക്കും. സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആഴ്ച തോറും ആക്ഷന്‍ പ്ലാനിന്റെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പങ്കെടുത്ത ഉന്നത യോഗത്തിലാണ് തീരുമാനം.
ജൈവമാലിന്യം
ബി പി സി എല്ലിന്റെ സഹകരണത്തോടെ ജൈവമാലിന്യ സംസ്‌കരണത്തിന് നഗരത്തില്‍ സി ബി ജി പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പ്ലാന്റ് ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാകും. പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള രണ്ട് ബി എസ് എഫ് പ്ലാന്റുകള്‍ അടിയന്തരമായി ആരംഭിക്കും. നിലവില്‍ സ്ഥാപിച്ച റാപ്പിഡ് കണ്‍വേര്‍ട്ട് സിസ്റ്റത്തിന്റെ ശേഷി 50 ടണ്ണായി വര്‍ധിപ്പിക്കും. ഇതുവഴി അതിവേഗത്തിലുള്ള ജൈവമാലിന്യ പരിപാലനം സാധ്യമാവും. കുന്നുകുഴിയിലെ ആധുനിക സ്ലോട്ടര്‍ ഹൌസും അറവുമാലിന്യ സംസ്‌കരണ പ്ലാന്റും ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാവും. കോഴി മാലിന്യം കൃത്യമായി ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കും.
ജൈവമാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജന്‍സികളുടെ ഫോര്‍വേര്‍ഡ് ലിങ്കേജ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നുണ്ടോയെന്നും ശേഖരിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടോയെന്നുമാണ് നഗരസഭയും ശുചിത്വമിഷനും ചേര്‍ന്ന് പരിശോധിക്കുക.
എന്‍ഫോഴ്‌സ്‌മെന്റ്
മാലിന്യം വലിച്ചെറിയുന്നതിന് എതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു. പ്രധാന റോഡുകളിലും ആമയിഴിഞ്ചാന്‍തോട് പോലെയുള്ള ജലാശയങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കണം. മാലിന്യം വലിച്ചെറിഞ്ഞതിന് ശിക്ഷയായി ലഭിച്ച പിഴ ഇനിയും അടയ്ക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണം. ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ പൊലീസിന്റെ സഹകരണത്തോടെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അജൈവമാലിന്യം
പ്രാഥമിക സംഭരണ സംവിധാനമെന്ന നിലയ്ക്ക് ആവശ്യത്തിന് കണ്ടെയ്‌നര്‍ എം സി എഫുകള്‍ സ്ഥാപിക്കും. നിലവില്‍ 20 കണ്ടെയ്‌നര്‍ എം സി എഫുകളാണ് സ്ഥാപിച്ചത്. ആകര്‍ഷകമായ നിലയില്‍ കൂടുതല്‍ കണ്ടെയ്‌നര്‍ എം സി എഫുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ശേഖരിച്ച അജൈവമാലിന്യം കൊണ്ടുപോകാനുള്ള വിപുലമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാന്‍ തയ്യാറാക്കും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇതിനായി 100 ഇ-ഓട്ടോകള്‍ ഹരിതകര്‍മ സേനയ്ക്ക് ലഭ്യമാക്കും. ഡ്രൈവിങ് പരിശീലനം ഉള്‍പ്പെടെ ഇപ്പോള്‍ നല്‍കിവരികയാണ്. വലിയ നാല് കവേര്‍ഡ് വാഹനങ്ങളും മാലിന്യനീക്കത്തിനായി ഉടന്‍ സജ്ജമാവും.
വന്‍തോതില്‍ അജൈവമാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ (ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍മാര്‍) നിന്ന് മാലിന്യം ശേഖരിക്കാന്‍ വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. അജൈവമാലിന്യം വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന, ദിവസവും ഈ മാലിന്യം നീക്കം ചെയ്യേണ്ടിവരുന്ന സ്ഥാപനങ്ങളില്‍ നിന്ന് (വലിയ സ്ഥാപനങ്ങള്‍, വലിയ ഹോട്ടലുകള്‍, മാളുകള്‍) ദൈനംദിനം മാലിന്യം ശേഖരിക്കാന്‍ ക്രമീകരണമുണ്ടാക്കും. കോര്‍പറേഷന്‍ നിശ്ചയിക്കുന്ന ഏജന്‍സിക്ക് മാലിന്യം കൈമാറണമെന്ന് നിര്‍ദേശിച്ച് വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. കൃത്യമായി മാലിന്യം കൈമാറാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം മാലിന്യം ശേഖരിച്ച് നീക്കം ചെയ്യേണ്ട സ്ഥാപനങ്ങളില്‍ നിന്ന് (ചെറിയ സ്ഥാപനങ്ങള്‍) ഹരിതകര്‍മ സേന തുടര്‍ന്നും മാലിന്യം ശേഖരിക്കാനും തീരുമാനമായി.
യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി വി, കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ചിത്ര എസ്, അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യു വി ജോസ്, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ജഹാംഗീര്‍ എസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൺ ഗായത്രി ബാബു പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here