
കാനഡയുമായുള്ള വ്യാപാര ചർച്ചകൾ ഉടൻ അവസാനിപ്പിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയുടെ ഡിജിറ്റൽ സേവന നികുതി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പ്രഖ്യാപനം നടത്തിയത്. ടെക്നോളജി സ്ഥാപനങ്ങൾക്കുള്ള നികുതി തുടരാനുള്ള കാനഡയുടെ പദ്ധതികളാണ് വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ ട്രംപിനെ പ്രേരിപ്പിച്ചത്. ഇത് “നമ്മുടെ രാജ്യത്തിനെതിരായ പ്രത്യക്ഷവും ലജ്ജയില്ലാത്തതുമായ ആക്രമണം” എന്നാണ് കാനഡയുടെ നികുതി നടപടികളെ അദ്ദേഹം വിശേഷിപ്പിച്ചത്.
കാനഡയിലെ ഓൺലൈൻ ഉപഭോക്താക്കൾ കസ്റ്റമേഴ്സായിട്ടുള്ള കനേഡിയൻ, വിദേശ ബിസിനസുകൾക്ക് ബാധകമായ ഡിജിറ്റൽ സേവന നികുതി ചുമത്താനുള്ള പദ്ധതിയിൽ ഉറച്ചുനിൽക്കുന്നതായി കാനഡ യുഎസിനെ അറിയിച്ചിരുന്നു. ഈ നികുതി തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
“ഈ അതിരുകടന്ന നികുതിയുടെ അടിസ്ഥാനത്തിൽ, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഞങ്ങൾ ഇവിടെ അവസാനിപ്പിക്കുന്നു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അമേരിക്കയുമായി ബിസിനസ്സ് ചെയ്യുന്നതിന് കാനഡ അടക്കേണ്ട താരിഫ് ഞങ്ങൾ അറിയിക്കും,” – ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.
ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റതിനുശേഷം ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധത്തിലെ രണ്ടാം ഘട്ടമായാണ് പുതിയ പ്രഖ്യാപനത്തെ വിദഗ്ധർ വിലയിരുത്തുന്നത്. അധികാരമേൽക്കുന്നതിന് മുമ്പേ ട്രംപ് കാനഡയുമായി കൊമ്പുകോർത്തിരുന്നു. കാനഡയെ അമേരിക്കയിൽ ലയിപ്പിക്കും എന്നത് അടക്കമുള്ള പ്രസ്താവനകളും പകരചുങ്കവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

