
സിബിന സണ്ണി
ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ധാരണയുണ്ടാക്കിയതിനു തൊട്ടുപിന്നാലെ ഇസ്രയേല്‍ ഇറങ്ങി ബോംബിടല്‍ തുടങ്ങി, ഇത്രമാത്രം കനത്ത ബോംബിങ് തനിതുവരെ കണ്ടിട്ടില്ല. തനിക്ക് ഇസ്രയേലിനെ അടക്കി നിറുത്തേണ്ടി വന്നു, വളരെക്കാലമായി പോരടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് നമ്മുടെ മുന്നില്‍, അവര്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായെന്നാണ് സമാധാനപ്രിയനെന്ന് നടക്കുന്ന ട്രംപിന്റെ ഭാഗം.
മറ്റാരും പറഞ്ഞില്ലെങ്കിലും ഇറാന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തലിന് പിന്നില്‍ താനാണെന്നാണ് കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഡോണള്‍ഡ് ട്രംപ് സ്വയമേ പറഞ്ഞുവെയ്ക്കുന്നത്. 12 ദിവസത്തെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ചത് താനാണെന്ന് ട്രംപ് തന്റെ തന്നെ സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തിലൂടെ എല്ലാവരേയും അറിയിച്ചുകഴിഞ്ഞു.
ഇസ്രയേലിന് പിന്തുണയേകി അമേരിക്ക ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായി 23ന് രാത്രി ഇറാന്‍ ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളം ആക്രമിച്ചിരുന്നു. പിന്നാലെ, ഇരു രാജ്യവും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് അതി നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു.
Also Read: വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു
സമാധാനം സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു രാജ്യവും തന്നെ സമീപിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍, ആക്രമിക്കപ്പെട്ട തങ്ങളല്ല, ആക്രമിച്ച ഇസ്രയേലാണ് ആദ്യം വെടിനിര്‍ത്തേണ്ടതെന്ന ഇറാന്‍ പ്രതിരോധമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ തങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിക്കൂ എന്നും അരാഗ്ചി വ്യക്തമാക്കുകയായിരുന്നു.
ബോംബാക്രമണത്തിന് ശേഷം സ്വന്തം രാജ്യത്ത് വിമര്‍ശനം നേരിട്ട ട്രംപിന് ഇപ്പോള്‍ സമാധാന ദൂതനായി മാറേണ്ടിവന്നുവെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍. അവിടെയാണ് ട്രംപിന്റെ വിജയവും. സമാധാനപ്രിയനാണെന്ന് സ്വയം വരുത്തിതീര്‍ത്ത് നൊബേല്‍ അടിച്ചെടുക്കാനുള്ള ട്രംപിന്റെ കുതന്ത്രങ്ങളുടെ ഒരുഘട്ടംകൂടി പൂര്‍ണമായിരിക്കുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഉള്‍പ്പെടെ നിരവധി സമാധാന ശ്രമങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയെന്നും നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും ട്രംപ് വാദിച്ചിരുന്നല്ലോ. പുരസ്‌കാരം നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ഘോര ഘോര പ്രസംഗങ്ങളുണ്ടായിരുന്നു. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് ശക്തിപോരെന്ന് കണ്ട് അത്യാധുനിക സംവിധാനമുള്ള യുദ്ധവിമാനമായ ബി2 വിലൂടെ ബങ്കര്‍ ബസ്റ്റര്‍ മിസൈലിലൂടെ ആക്രമണം നട്തതിയ രാജ്യമാണ് അമേരിക്ക. അതിന് നേതൃത്വം നല്‍കിയ ട്രംപാണ് സമാധാനപ്രിയനെന്ന രീതിയില്‍ മേനിനടിക്കുന്നത്. ഇന്ത്യക്കെതിരായ പാക് ആക്രമണത്തില്‍ വിരാമമിടാന്‍ താനിടപെട്ടെന്ന അവകാശവാദമായിരുന്നു ട്രംപ് ആദ്യമുന്നയിച്ചത്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും ഇത് നിഷേധിച്ചതോടെ ട്രംപിന്റെ കള്ളി അന്നും വെളിച്ചത്തായതാണ്.
‘പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ആക്രമണവും പ്രത്യാക്രമണവും നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കില്ല, സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കില്ല, ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കില്ല, എന്ത് ചെയ്താലും എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല. ലിബറലുകള്‍ക്ക് മാത്രമേ നല്‍കൂ’ എന്ന വിഷമത്തില്‍ ഇരിക്കുമ്പോഴായിരുന്നു പാകിസ്ഥാനും ട്രംപ് നൊബേലിന് അര്‍ഹനാണെന്ന് നാമനിര്‍ദ്ദേശം ചെയ്തത്. അതോടെ ട്രംപിന്റെ സ്വപ്‌നം ലക്ഷ്യത്തിലേയ്‌ക്കെത്തിയെന്ന് ഒരു തോന്നല്‍ ഉണ്ടാകാതിരിക്കുമോ. മാത്രമോ തനിക്കുമുന്‍പേയുണ്ടായിരുന്ന ബറാക് ഒബാമയ്ക്കും കിട്ടിയിട്ടുണ്ട് നൊബേല്‍. അങ്ങനാകുമ്പോ നൊബേലിലേയ്‌ക്കെത്താനുള്ള അടുത്ത കരുക്കള്‍ നീക്കാതെ എങ്ങനെ അടങ്ങിയിരിക്കും. ഉറച്ചനിലപാടാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അത്യന്തം ഇരട്ടത്താപ്പുകളും കള്ളങ്ങളുമായി ദിനംപ്രതി മുന്നോട്ടുപോകുന്ന ട്രംപിന്റെ സമാനമായ നീക്കങ്ങള്‍ക്ക് അന്ത്യമുണ്ടാകില്ലെന്നത് ഉറപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

