
ട്രംപിന്‍റെ താരിഫ് യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ തകർന്നടിഞ്ഞ് വിപണികൾ. അമേരിക്കൻ വിപണികൾക്ക് പിന്നാലെ ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികളും ചോരക്കളമായി. ഇന്ത്യൻ ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് തുടക്കത്തിൽ 3000ലേറെ പോയിന്‍റ് (5.3%) ഇടിഞ്ഞു താഴ്ന്നു. നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് ഒഴുകിപ്പോയത് 20 ലക്ഷം കോടി രൂപ. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1150 പോയിന്‍റും (5%) ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മാൾകാപ് സൂചികകളിൽ 10 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം അമേരിക്കയിൽ ട്രില്ല്യൺ കണക്കിന് ഡോളറുകൾ നഷ്ട്ടമുണ്ടായിട്ടും ഓഹരി തകർച്ചയെ പാടെ നിസാരവത്ക്കരിക്കുന്ന നിലപാടാണ് ട്രംപും വൈറ്റ്ഹൗസും സ്വീകരിച്ചത്. രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് വിപണി തകർച്ചയിൽ ട്രംപിന്റെ പ്രതികരണം. യുഎസിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ഫ്യൂച്ചേഴ്സ് 2.5 ശതമാനവും എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് 2.9 ശതമാനവും നാസ്ഡാക്-100 ഫ്യൂച്ചേഴ്സ് 3.9 ശതമാനവും ഇടിഞ്ഞിരുന്നു.
താരിഫ് വർധനയ്ക്ക് പിന്നാലെ ജപ്പാൻ സൂചികകളിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. 9 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2023 ഒക്ടോബറിന് ശേഷം ആദ്യമായാണ് ജപ്പാന്റെ വിപണിയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. ഓസ്‌ട്രേലിയൻ ഓഹരികളും കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ തീരുവ യുദ്ധം ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഇന്ത്യയടക്കം 180 ലേറെ രാജ്യങ്ങൾക്കു മേലാണ് ട്രംപ് അധിക ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചത്. 10% അടിസ്ഥാന തീരുവയ്ക്ക് പുറമെ ഓരോ രാജ്യത്തിനും പ്രത്യേകം പകരച്ചുങ്കമാണ് ബാധകം.
ഇന്ത്യൻ ഓഹരി വിപണി ഈ അടുത്ത കാലത്തൊന്നും ഇത്രയും തകർച്ച നേരിട്ടിട്ടില്ല. സെൻസെക്സിൽ ഒറ്റ ഓഹരിപോലും പച്ചതൊട്ടില്ല. ഇന്ത്യൻ ഓഹരി വിപണി ഈ അടുത്ത കാലത്തൊന്നും ഇത്രയും തകർച്ച നേരിട്ടിട്ടില്ല. സെൻസെക്സിൽ ഒറ്റ ഓഹരിപോലും പച്ചതൊട്ടില്ല. ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, എച്ച്സിഎൽ ടെക് , ടെക് മഹീന്ദ്ര, എൽ ആൻഡ് ടി തുടങ്ങി നിരവധി ഓഹരികൾ കൂപ്പുകുത്തി. ഓഹരിയിലെ ഇടിവിന് പിന്നാലെ രൂപയുടെ മൂല്യത്തിലും ഇടിവ് സംഭവിച്ചു. വ്യാപാരം ആരംഭിച്ചതു തന്നെ 41 പൈസ ഇടിഞ്ഞ് 85.65 ലാണ്. ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം, റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം എന്നിവയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here