
ഒരു ടൗൺ നിറയെ പുക നിറയുന്നു. വെറും പുകയല്ല കഞ്ചാവ് കത്തിച്ചതിൽ നിന്നുള്ള പുക. കത്തിച്ചത് ഒന്നോ രണ്ടോ കിലോ അല്ല 20 ടൺ ആണ്. കത്തിച്ചതാകട്ടെ പൊലീസും. എവിടെയിട്ടാണ് ഇത്രയും കഞ്ചാവ് കത്തിച്ചതെന്ന് ചോദിച്ചാൽ നഗരമധ്യത്തിൽ. പൊലീസിന്റെ ഈ നടപടി കൊണ്ട് ബുദ്ധിമുട്ടിലായത് 25,000ത്തോളം ആളുകൾ പാർക്കുന്ന തുർക്കിയിലെ ലൈസ് എന്ന നഗരത്തിലെ ജനങ്ങൾ.
സംഭവത്തിന്റെ തുടക്കം പൊലീസിന്റെ കഞ്ചാവ് വേട്ടയിൽ നിന്നാണ്. 2023–2024 കാലയളവിൽ നിന്നായി പരിശോധനകളിൽ പൊലീസ് പിടിച്ചെടുത്തതാണ് ഈ കഞ്ചാവ്. പിടിച്ചെടുത്ത ഇത്രയും കഞ്ചാവ് എന്ത് ചെയ്യുമെന്ന ചോദ്യത്തിനുത്തരമായി കണ്ടുപിടിച്ച മറുപടിയാണ് ഇത് കത്തിച്ചു കളയാമെന്നത്.
Also Read: പാകിസ്ഥാനിൽ അസിം മുനീറിനെതിരെ എതിരെ ഉയരുന്നത് വലിയ ജനരോഷം
പക്ഷെ കഞ്ചാവ് കത്തിച്ചപ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. കുന്നുകളാല്‍ ചുറ്റപ്പെട്ട നഗരത്തിന്റെ മധ്യഭാഗത്ത് വെച്ച് ഇത്രയും കഞ്ചാവ് കത്തിച്ചതിനാൽ അതിന്റെ പുക നഗരത്തിനുള്ളിൽ ഏകദേശം അഞ്ച് ദിവസത്തോളം തങ്ങി നിന്നുവെന്നാണ് റിപ്പോർട്ടുകൾ.
പുക കാരണം നഗരവാസികൾക്ക് നിരവധി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. തലകറക്കം, ഓക്കാനം, ഹൈ ആയ അവസ്ഥ എത്തുക തുടങ്ങി നിരവധി ബുദ്ദിമുട്ടുകൾ ഇത് കാരണം നഗരവാസികൾക്ക് അനുഭവപ്പെട്ടു. നിരവധിയാളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഏകദേശം 10 ബില്യൺ ടർക്കിഷ് ലിറ (ഏകദേശം 2,215 കോടി രൂപ) വിലവരുന്ന കഞ്ചാവാണ് പൊലീസ് കത്തിച്ചു കളഞ്ഞത്. ഒരോ വർഷവും ടൺ കണക്കിന് കഞ്ചാവാണ് പൊലീസ് ലൈസിൽ നിന്ന് പിടികൂടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


