വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകില്ല ? നിയമസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരം ?

tvk contoversy left support

തമിഴ്‌നാട് രാഷ്ട്രീയം ഇപ്പോൾ വലിയൊരു വഴിത്തിരിവിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, ടിവികെ അധ്യക്ഷൻ വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാണോ? എങ്ങനെയാണ് ഒരു സംസ്ഥാനത്ത് സർക്കാർ അധികാരത്തിൽ വരുന്നത്? തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിൽ വിജയ്‌യുടെ ടിവികെ 108 സീറ്റുകളാണ് നേടിയത്. എന്നാൽ ഭരണം പിടിക്കാൻ വേണ്ട കേവല ഭൂരിപക്ഷം 118 ആണ്. അതായത്, ടിവികെയ്‌ക്ക് 10 സീറ്റുകളുടെ കുറവുണ്ട്. പാർട്ടി അധ്യക്ഷനായ വിജയ് രണ്ട് സീറ്റുകളിൽ വിജയിച്ചതിനാൽ ഒരു സീറ്റ് ഒഴിയേണ്ടി വരും. ഇതോടെ സഭയിലെ ആകെ അംഗങ്ങളുടെ ടിവികെയുടെ സീറ്റ് നില 107 ആകും. സർക്കാർ രൂപീകരിക്കാൻ 11 പേരുടെ പിന്തുണയാണ് തമിഴക വെട്രി കഴകത്തിന് ആവശ്യം. തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് ഗവർണറെ ബോധ്യപ്പെടുത്താൻ വിജയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി പിന്തുണയ്ക്കുന്ന മറ്റ് കക്ഷികളുടെ കത്ത് ഹാജരാക്കാൻ ഗവർണർ നിർദേശിച്ചിരിക്കുകയാണ്.

എന്താണ് യഥാർത്ഥത്തിൽ ഈ സർക്കാർ രൂപീകരണ പ്രക്രിയ? തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭൂരിപക്ഷം നേടുന്ന പാർട്ടിയോ സഖ്യമോ ആണ് സർക്കാർ രൂപീകരിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്: കൂടിയാലോചന, അധികാരം നൽകൽ, അംഗങ്ങളുടെ ഔദ്യോഗിക നിയമനം. ഇന്ത്യയിൽ 1951-ലെ ജനപ്രാതിനിധ്യ നിയമവും 1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ഈ തിരഞ്ഞെടുപ്പുകളും തുടർനടപടികളും നടക്കുന്നത്. ഇവിടെയാണ് ഗവർണറുടെ റോൾ വരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരം മുഖ്യമന്ത്രിയെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മറ്റ് മന്ത്രിമാരെ നിയമിക്കുന്നത്. ഇനി ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലോ? അങ്ങനെയെങ്കിൽ, ഗവർണർക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം . ഇവർക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 10 ദിവസത്തെ സമയം നൽകും. ഈ സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമസഭ പിരിച്ചുവിടാൻ പോലും ഗവർണർക്ക് അധികാരമുണ്ട്.

Also read: തമിഴ്നാട് സർക്കാർ രൂപീകരണം: കൂടിക്കാഴ്ച നടത്തി സിപിഐഎം, സിപിഐ ജനറൽ സെക്രട്ടറിമാർ

സ്വന്തം പാർട്ടിക്കാർക്ക് മാത്രം മതിയായ സീറ്റുകൾ ഇല്ലെങ്കിൽ, മറ്റ് കക്ഷികളുമായി ചേർന്ന് ‘സഖ്യ സർക്കാർ’ രൂപീകരിക്കേണ്ടി വരും. വിജയ്‌യുടെ ടിവികെ ഇപ്പോൾ നിൽക്കുന്നത് ഈയൊരു പ്രതിസന്ധിയിലാണ്. മറ്റ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ വിജയ്‌ക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ സാധിക്കൂ. ഡിഎംകെ നേതൃത്വം നൽകിയ മതനിരപേക്ഷ പുരോഗമന സഖ്യത്തിനൊപ്പം മത്സരിച്ച കോൺഗ്രസ് സ്വന്തം മുന്നണിയെ വഞ്ചിച്ച് ടിവികെയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും. കോൺഗ്രസിന്റെ അഞ്ചു സീറ്റുകൾ ലഭിച്ചാലും ഭൂരിപക്ഷത്തിന് ആറു സീറ്റുകളുടെ കുറവ് ടിവികെയ്ക്കുണ്ട്. സർക്കാർ രൂപീകരിക്കാൻ എഐഎഡിഎംകെയിൽ ഒരു വിഭാഗം ടിവികെയെ പിന്തുണയ്‌ക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

Also read: തമിഴ്നാട്ടിൽ പ്രശ്നം ​ഗുരുതരം; ടി വി കെ യ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ഉറപ്പിച്ച് ​ഗവർണർ, രാഷ്ട്രീയ പ്രേരിതമെന്ന് ജനങ്ങൾ

അതേസമയം പാർട്ടിയിൽ പിളർപ്പുണ്ടാകുന്നത് തടയാൻ ടിവികെയുടെ 60-ഓളം എംഎൽഎമാരെ മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സർക്കാർ രൂപീകരണ പ്രക്രിയ പൂർത്തിയാകുന്നത് വരെ ഇവർ അവിടെ തുടരും. എഐഎഡിഎംകെയും തങ്ങളുടെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എടപ്പാടി പളനിസ്വാമിയുടെ അറിവോടു കൂടിയല്ല ഈ നീക്കമെന്നും, ടിവികെയെ പിന്തുണയ്ക്കാൻ താല്പര്യമുള്ള ഒരു വിഭാഗം എംഎഎൽഎമാരാണ് ഇതിന് പിന്നിലെന്നുമാണ് ഇപ്പോഴുള്ള പ്രചരാണം. ബുധനാഴ്‌ച ടിവികെ അധ്യക്ഷൻ വിജയ്‌യുമായി എടപ്പാടി കെ പളനിസ്വാമി നേതൃത്വം നൽകുന്ന എഐഎഡിഎംകെയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. വിസികെ നേതാവ് തോൽ തിരുമാവളവൻ വിജയിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമറിയിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് സിനിമകളെ പോലെ തന്നെ ട്വിസ്റ്റുകളാൽ നിറയുകയാണ് തമിഴ് നാട് രാഷ്ട്രീയവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News