എംഡിഎംഎ യുമായി രണ്ടുകുട്ടികൾ പിടിയിൽ

കളിക്കളങ്ങളില്‍ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്‍പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ രണ്ട് കുട്ടികള്‍ പൊലീസ് പിടിയിലായി.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇന്ന് പന്തളത്ത് ഡാന്‍സാഫ് സംഘത്തിന്റെയും പന്തളം പൊലീസിന്റെയും സംയുക്ത നീക്കത്തില്‍ കുടുങ്ങിയത്. ഇവരില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ പിടിച്ചെടുത്തു, വില്‍പ്പനക്കായി വാങ്ങികൊണ്ടുവവേയാണ് പിടിയിലായത്. പൊലീസിനെ കണ്ട് സ്‌കൂട്ടര്‍ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു.

കളിക്കളങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ശനനിരീക്ഷണം തുടരാന്‍ ജില്ലാ പൊലീസ് മേധാവി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കുളനട പെട്രോള്‍ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികള്‍ പോലീസ് വലയിലായത്. ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളില്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് പോലീസ് നടപടി കടുപ്പിച്ചത്.

വില്‍ക്കാന്‍ കിട്ടുന്ന ലഹരിവസ്തുക്കളില്‍ നിന്നും ഇവര്‍ക്ക് സ്വന്തം ഉപയോഗത്തിന് അല്‍പം കിട്ടാറുണ്ടെന്നും, കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വില്‍പ്പനക്കാര്‍ കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

0.5 ഗ്രാം എം ഡി എം എ വാങ്ങിയാല്‍ മൊബൈല്‍ ഫോണില്‍ വച്ച് എ ടി എം കാര്‍ഡ് കൊണ്ട് പൊടിച്ച് വരയിട്ട് പന്ത്രണ്ടോളം പേര്‍ ഉപയോഗിക്കുമെന്ന് പിടിക്കപ്പെട്ടവര്‍ പൊലീസിനോട് പറഞ്ഞു. ആദ്യതവണ സൗജന്യമായി കച്ചവടക്കാര്‍ നല്‍കുമെന്നും, പിന്നെമുതല്‍ പണം കൊടുത്താണ് വാങ്ങുന്നതെന്നും, തുടര്‍ന്ന് വാഹകരായി മാറുകയാണെന്നും കുട്ടികള്‍ വെളിപ്പെടുത്തി.

ഈ സ്ഥിതി അത്യന്തം അപകടമാണെന്നതിനാല്‍ രാസലഹരി ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വില്‍പനയും തടയുന്നതിന് ശക്തമായ നടപടി തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്സ് പറഞ്ഞു. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ തന്ത്രപരമായ നീക്കം.

അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നിര്‍ദേശപ്രകാരം പന്തളം പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പന്തളം എസ് ഐ രാജേഷ്, സി പി ഓമാരായ അന്‍വര്‍ഷാ, അര്‍ജ്ജുന്‍ കൃഷ്ണന്‍, ഡാന്‍സാഫ് ടീമിലെ എസ് ഐ അജി സാമൂവല്‍, എ എസ് ഐ അജി കുമാര്‍, സി പി ഓമാരായ മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവര്‍ അടങ്ങിയ സംഘമാണ് നടപടികള്‍ സ്വീകരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here