
വടക്കുപടിഞ്ഞാറൻ യു എസ് സംസ്ഥാനമായ ഇഡാഹോയിൽ ഞായറാഴ്ചയുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങൾക്ക് നേരെ അജ്ഞാതരായ തോക്കുധാരികൾ പതിയിരുന്ന് വെടിയുതിർത്തു. ആക്രമണത്തിൽ രണ്ട് സേനാംഗങ്ങൾ മരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർക്കും ഹൈക്കിംഗ് ഏരിയയുമായ കൂട്ടെനായി കൗണ്ടിയിലെ മലഞ്ചെരുവിലാണ് തീപിടിത്തമുണ്ടായത്.
നിരവധി ആളുകൾ മലയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവിടേക്ക് രക്ഷക്കെത്തിയ അഗ്നി രക്ഷാസേനാംഗങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമികൾ ഒന്നിലധികം പേരുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ALSO READ; താരിഫിന്മേലുള്ള താൽക്കാലിക വിരാമം നീട്ടാൻ പദ്ധതിയില്ലെന്ന് ട്രംപ്; പകരം ഇങ്ങനെ ചെയ്യാൻ തീരുമാനം…
തീ ഇപ്പോഴും പടർന്നു പിടിക്കുന്നതും, അക്രമികളുടെ കൃത്യമായ ലൊക്കേഷൻ കണ്ടുപിടിക്കാനാകാത്തതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഇരുഭാഗത്ത് നിന്നും വെടിവപ്പ് നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമികൾ സ്നൈപ്പർ റൈഫിളുകൾ ഉപയോഗിക്കുന്നതിനാൽ, നിരവധി പേർക്ക് പരുക്കേറ്റതായും സ്ഥിതി ഇപ്പോഴും നിയന്ത്രിക്കാനായിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്തുള്ള കൃത്യമായ ആക്രമണം എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി എഫ്ബിഐയുടെ ടാക്ടിക്കൽ, ഓപ്പറേഷണൽ ടീമുകൾ സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിൽ തോക്ക് നിയന്ത്രങ്ങൾ ഇല്ലാത്തതിനാൽ, ഇത്തരം സംഭവങ്ങൾ വ്യാപകമായി നടക്കുകയും നിരവധി സാധാരണക്കാർ എല്ലാ വർഷവും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here