43.4 % അറ്റാദായ വളര്‍ച്ചയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്; 2023 ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച വളര്‍ച്ചാ നിരക്കുമായി കുതിപ്പു തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. മാര്‍ച്ച് 31ന് അവസാനിച്ച ആദ്യ പാദത്തില്‍ ഗ്രൂപ്പിന്റെ വരുമാനം 1.1 ബില്യണ്‍ ആയി ഉയര്‍ന്നപ്പോള്‍ അറ്റാദായം 121.3 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. ആശുപത്രികളുടെയും (10.9%) മെഡിക്കല്‍ സെന്ററുകളുടെയും (24.8%) വരുമാനത്തിലുണ്ടായ ഗണ്യമായ അഭിവൃദ്ധിയിലൂടെയാണ് ഗ്രൂപ്പ് നേട്ടം കൊയ്തത്. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ മുന്‍നിര ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയുടെ വരുമാനത്തില്‍ 32.6% വര്‍ധനവാണുണ്ടായത്. 22.3 ശതമാനമെന്ന മികച്ച EBITDA മാര്‍ജിനും രേഖപ്പെടുത്തി. പുതിയ സ്‌പെഷ്യാലിറ്റികളിലെ നിക്ഷേപവും ആസ്തികളിലുടനീളമുള്ള വിനിയോഗവും കാരണം ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് എണ്ണത്തില്‍ യഥാക്രമം 16.5%, 26.9% എന്നിങ്ങനെയാണ് വര്‍ധനവ്.

മേഖലയിലെ പ്രമുഖ ഫിറ്റ്‌നസ് കമ്പനിയായ ലീജാം സംയുക്ത സംരംഭത്തിലൂടെ സൗദി അറേബ്യയിലേക്കുള്ള വിപുലീകരണം പുരോഗമിക്കുന്നതിനിടെയാണ് ഗ്രൂപ്പിന്റെ മികച്ച പ്രകടനം. യു എ ഇയില്‍ ഉടനീളം 120-തിലധികം പുതിയ ഇന്‍പേഷ്യന്റ് കിടക്കകളും അഞ്ച് പുതിയ മെഡിക്കല്‍ സെന്ററുകളും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതികളും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പുതിയ പങ്കാളിത്ത പദ്ധതികളുടെ അവലോകനവും പുരോഗമിക്കുകയാണ്. ഇതിനിടെ ഗ്രൂപ്പിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമതയും ഉന്നത നിലവാരമുള്ള പ്രത്യേക സേവനങ്ങളിലേക്കുള്ള തന്ത്രപരമായ മാറ്റവും വ്യക്തമാക്കിക്കൊണ്ടാണ് ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങള്‍.

പ്രവര്‍ത്തനത്തിലെ മികച്ച പുരോഗതിയുടെയും തന്ത്രപരമായ പദ്ധതികളുടെയും ഫലമായാണ് 2023 ആദ്യപാദത്തിലെ പ്രചോദനാത്മകമായ വളര്‍ച്ചയെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ സുനില്‍ പറഞ്ഞു. ‘വാര്‍ഷിക വരുമാനത്തിലെ 11.6% വും അറ്റാദായത്തിലെ 43.4% വും വര്‍ദ്ധനവ് ഗ്രൂപ്പിന്റെ മുന്‍നിര ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി കൈവരിക്കുന്ന ശക്തമായ വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും സങ്കീര്‍ണ്ണ മേഖലകളില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമായുള്ള നിക്ഷേപം തുടരും. ഇതിലൂടെ മേഖലയിലെ പ്രധാന റഫറല്‍ ഹബ് എന്ന സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം,’ അദ്ദേഹം വ്യക്തമാക്കി.

ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് 2022ല്‍ റെക്കോര്‍ഡ് അറ്റാദായത്തിലൂടെ 52% വളര്‍ച്ചയാണ് കൈവരിച്ചിരുന്നത്. ഉയര്‍ന്ന വരുമാനം, വര്‍ധിച്ച പ്രവര്‍ത്തനക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകള്‍ എന്നിവ ഗ്രൂപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ പാകുന്നതായാണ് വിലയിരുത്തല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here