
യുഎഇയുടെ സാഹിത്യ സാംസ്‌കാരിക സംഗമവേദിയായ ഓർമ സാഹിത്യോത്സവം സമാപിച്ചു.ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച 20 ലേറെ വ്യത്യസ്ത വിഷയങ്ങളാണ് മൂന്നു വേദികളിലായി ചർച്ചയായത്.
യുഎഇയിലെ വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 ഓളം സംവാദകരും 1000 ത്തോളം സദസ്യരും വിവിധ വേദികളിൽ എത്തിച്ചേർന്നതോടെ പ്രവാസത്തിന്റെ ബഹുതല സാംസ്‌കാരിക സംവാദവേദിയായി ഓർമ സാഹിത്യോത്സവം 2025 മാറുകയായിരുന്നു.
സുനിൽ പി ഇളയിടം , ബെന്യാമിൻ , എം വി നികേഷ് കുമാർ, എഴുത്തുകാരി ജിൻഷ ഗംഗ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ മുഖ്യാതിഥികളായി എത്തിയിരുന്നു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയിരുന്ന സാംസ്‌കാരിക വേദിയിൽ നടന്ന കവിതാലാപനം, ചിത്രരചന എന്നീ പരിപാടികളിൽ ഭാഗമാകാൻ 200 ഓളം കുട്ടികളും എത്തിച്ചേർന്നിരുന്നു.
സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ ഉദ്ഘാടനം ചെയ്തു .സമൂഹത്തോടും സാമൂഹിക മുന്നേറ്റത്തോടുമുള്ള ‘ഓർമ- ദുബായ്’ യുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ കരുത്തുറ്റ സംഘാടനവും ഗംഭീര വിജയവും തെളിയിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ
പറഞ്ഞു. സമാപന സമ്മേളനവേദിയിൽ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് പ്രേംകുമാർ സമ്മാനിച്ചു.
പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഓ വി മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിജിത അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു . ജോയിന്റ് ട്രഷറർ ധനേഷ് നന്ദി പറഞ്ഞു . കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരുന്നു. രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുത്തവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റും നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

