
വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് ഭാഗികമായി എടുത്തുകളഞ്ഞ് യുഎഇ. ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. എന്നാൽ ദുബായിൽ വിലക്ക് തുടരുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ എമർജൻസി ക്രൈസസും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ചേർന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവുമാണ് ഉപാധികളോടെ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് എടുത്തുകളഞ്ഞത്.
സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി വേണം ഡ്രൗണുകൾ ഉപയോഗിക്കാനെന്നും മന്ത്രാലയം വ്യക്തമാക്കി. പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ, ഭാരം 5 കിലോഗ്രാമോ അതിൽ കുറവോ ആയിരിക്കണം, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് തുടങ്ങി കർശന ഉപധാകിളോടെയാണ് നടപടി.
ALSO READ; ദുബായ്: ട്രക്ക് ഗതാഗതം നിരോധിച്ച സമയത്തെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ കാമ്പയിനുമായി ആർടിഎ
ഡ്രോണുകളുടെ ഉപയോഗത്തിനുള്ള വിശദമായ മാര്‍ഗനിർദേശങ്ങൾ യുഎഇ ഡ്രോൺ ആപ്പിലും drones.gov.ae എന്ന ഔദ്യോഗിക സര്‍ക്കാര്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. ഡ്രോണുകൾ ഉപയോഗിക്കുന്നതിന് മുൻപ് ജനറൽ സിവിൽ ഏവിയേഷനിൽ റജിസ്റ്റർ ചെയ്യണം. വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, എയർഫീൽഡുകൾ എന്നിവയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഗ്രീൺ സോണുകൾ ഉൾപ്പെടെ നിയുക്ത പ്രദേശങ്ങളിൽ മാത്രമേ ഡ്രോണുകൾ പറത്താൻ പാടുള്ളൂ.
അതേസമയം ദുബായിൽ വിലക്ക് തുടരുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എമിറേറ്റിലെ വിവിധ താമസക്കാർക്ക് ഇ മെയിലും അയച്ചിട്ടുണ്ട്. വിലക്ക് നീക്കിയാൽ അക്കാര്യം അറിയിക്കുമെന്നും എമിറേറ്റിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡിസിഎഎ അറിയിച്ചു. അബുദാബിയിൽ തുടർച്ചയായി ഹൂതികളുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് 2022 ജനുവരിയിലാണ് രാജ്യത്ത് ഡ്രോണുകളുടെ ഉപോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

