
യു എ ഇയിൽ പകൽ ചൂട് കനക്കുന്നതിനിടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലി സ്ഥലത്തും താമസ സ്ഥലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. തൊഴിലാളികൾക്ക് മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള താമസ സൗകര്യം ഒരുക്കണമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
താമസം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് താമസ അലവൻസ് നൽകണമെന്നും നിർദേശമുണ്ട്. ജോലിക്കിടെ അപകടമോ പരിക്കോ സംഭവിച്ചാൽ ചികിത്സാ ചെലവ് തൊഴിലുടമ വഹിക്കണം. പരുക്ക് സംഭവിച്ചാൽ അംഗീകൃത മെഡിക്കൽ സെന്ററിലും പൊലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്യണം. 48 മണിക്കൂറിനകം മന്ത്രാലയത്തെയും വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. റിപ്പോർട്ടിൽ തൊഴിലാളിയുടെ പേര്, പ്രായം, തൊഴിൽ, ഐഡി നമ്പർ, അപകടത്തിന്റെ സ്വഭാവം, ജോലി സാഹചര്യം, നൽകിയ പ്രഥമശുശ്രൂഷ, ചികിത്സാ നടപടികൾ എന്നിവ ഉൾപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ജോലി സ്ഥലങ്ങളിൽ തീപിടിത്തം, യന്ത്രാപകടം, തൊഴിൽ സംബന്ധമായ രോഗങ്ങൾ എന്നിവ തടയാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം.
Also read: ലഹരിയ്ക്കെതിരെ നടപടികൾ കർശനമാക്കി കുവൈറ്റ്; ദേശീയ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു
അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് തൊഴിലാളികൾക്ക് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പരിശീലനവും നിർദേശങ്ങളും നൽകണം. ഉയരത്തിൽ ജോലി ചെയ്യൽ, ഭാരമുള്ള വസ്തുക്കൾ വീഴാനുള്ള സാധ്യത, മൂർച്ചയുള്ള ഉപകരണങ്ങൾ, ചൂടുള്ള ദ്രാവകങ്ങൾ, തീപിടിക്കാനോ സ്ഫോടനം ഉണ്ടാകാനോ സാധ്യതയുള്ള വസ്തുക്കൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്ക് പരിശീലനം ലഭിച്ച ജീവനക്കാരെ നിയോഗിക്കണമെന്നും അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും വൈദ്യുതി, കംപ്രസ് ചെയ്ത വാതകങ്ങൾ എന്നിവയുടെ അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. സെപ്റ്റംബർ 15 വരെ നിലവിലുള്ള ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്നും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്കിറക്കരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

