
കേരളത്തിലെ മുൻ സർക്കാരിനെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ പുതിയൊരു ആരോപണം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാർത്തയിതാണ്, ഒരു ജേർണലിസ്റ്റിന്റെ മകൾക്കെതിരെ യുഎപിഎ കേസെടുത്തിരിക്കുന്നു. പിന്നാലെ മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെ ജേണലിസ്റ്റ് കണ്ടുവെന്നാണ് പോസ്റ്റിൽ പറയുന്നത്.
കേസ് പിൻവലിക്കാമെന്ന് പിണറായി വിജയൻ ഉറപ്പ് കൊടുത്തുവത്രേ. ശേഷം കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം മാത്രമേ കൊടുക്കാൻ കഴിഞ്ഞുള്ളു.യുഎപിഎ കേസ് കാരണം ഈ പെൺകുട്ടിക്ക് ജോലി നഷ്ടപ്പെട്ടു, ഇതാണ് വാർത്ത.
അതായത്, കേന്ദ്ര സർക്കാരിന്റെ വിമർശകനായ ഒരു മാധ്യമപ്രവർത്തകന്റെ മകൾക്കെതിരായ വ്യാജ യുഎപിഎ കേസ് മുഖ്യമന്ത്രി ഇടപെട്ടിട്ടും കേസ് പിൻവലിക്കാൻ ലക്ഷങ്ങൾ കൈക്കൂലി നൽകേണ്ടി വന്നെന്നാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന് പുറത്ത് എക്‌സിലും ഫേസ്ബുക്കിലുമൊക്കെ ഈ പോസ്റ്റ് വൈറലാണ്.
ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ല. ഇടതുപക്ഷത്തെ, പിണറായി വിജയനെ ഇല്ലാതാക്കാനും അപകീർത്തിപ്പെടുത്താനും കഴിഞ്ഞ 10 വർഷത്തിനിടെ പടച്ചുവിട്ട എണ്ണിയാലൊടുങ്ങാത്ത വ്യാജ വാർത്തകളിൽ ഒന്ന്. മേൽപ്പറഞ്ഞ വാർത്ത തീർത്തും വസ്തുതാവിരുദ്ധമാണ്. ഓഫ് ബീറ്റ് കൺസേൺസ് – Off Beat Concerns (OBC) ഇത് സംബന്ധിച്ച് ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. അവരുടെ പ്രധാനപ്പെട്ട കണ്ടെത്തലുകൾ നോക്കാം.
ഒബിസി കണ്ടെത്തലുകൾ
‘Vinod Chand’ എന്ന പ്രൊഫൈലിൽ നിന്നുമാണ് കുറിപ്പ് പങ്കുവെക്കപ്പെട്ടത്. ഈ കുറിപ്പ് വലിയ തോതിൽ ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. അധികാരം കൈയിലുണ്ടെങ്കിൽ ഏത് സർക്കാരിനും കരു നിയമങ്ങൾ ഉപയോഗിച്ച് സാധാരണക്കാരെ ദ്രോഹിക്കാമെന്നും ഇവിടെ കേസ് എടുത്തത് ഇടതുപക്ഷ സർക്കാർ ആയതുകൊണ്ട് മാധ്യമ പ്രവർത്തകന് ഒരു സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞാണ് ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇതിലെ നുണകളെ പൊളിക്കുന്നതാണ് ഒബിസിയുടെ കണ്ടെത്തൽ. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുഎപിഎ കേസുകളുടെ ലഭ്യമായ രേഖകൾ, എഫ്.ഐ.ആറുകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ച ഒബിസിയ്ക്ക് പ്രസ്തുത പോസ്റ്റിൽ പറയുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു കേസും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇത്തരമൊരു കേസ് കേരളത്തിൽ രജിസ്റ്റർ ചെയ്തതിനും കേസ് പിൻവലിപ്പിക്കാൻ ഒരു മാധ്യമ പ്രവർത്തകൻ കൈക്കൂലി നൽകാൻ നിർബന്ധിതനായതിനും ഒരു തെളിവുമില്ല. കേരള പൊലീസ് വകുപ്പിലെയും മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെയും (CMO) ഔദ്യോഗിക സ്രോതസുകളുമായും ബന്ധപ്പെട്ടിട്ടും ഒബിസിയ്ക്ക് ഇങ്ങനെയൊരു കേസിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. സംസ്ഥാനത്തെ സർക്കാർ-നിയമ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാധ്യമ വൃത്തങ്ങളിലും അവർ അന്വേഷിച്ചു. എന്നിട്ടും തെളിവൊന്നും ലഭിച്ചില്ല.
‘മുൻ മുഖ്യമന്ത്രിയേയും സർക്കാരിനെയും താറടിച്ചു കാണിക്കാനായി മനഃപൂർവം പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണിതെന്ന ആരോപണവും പലരും സാമൂഹ്യ മാധ്യമങ്ങളിൽ ഉന്നയിക്കുന്നുണ്ട്. ഇങ്ങനെയൊരു കേസുണ്ടെന്നതിന് എന്തെങ്കിലും തെളിവുകൾ പുറത്ത് വരുന്ന പക്ഷം ഈ റിപ്പോർട്ട് ഞങ്ങൾ തിരുത്തുന്നതായിരിക്കും’, ഒബിസി കുറിച്ചു.
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, പ്രചരിക്കുന്നത് വ്യാജ വാർത്ത തന്നെ. ഇത്രയേറെ അന്വേഷണങ്ങൾ നടത്തിയിട്ടും ഒരു ചെറിയ തെളിവ് പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് വിരൽ ചൂണ്ടുന്നത്, കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ തിരക്കഥ എന്നതിലേക്കാണ്. അതിനെ കൃത്യമായ സർക്കുലേറ്റ് ചെയ്യുകയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇപ്പഴിതാ അത് നുണയായെന്നും തെളിഞ്ഞിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

