
ബുക്ക് ചെയ്തിരുന്ന ക്യാബിന്‍റെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചുകയറി നോയിഡയിൽ സ്വദേശി മരിച്ചതായി കുടുംബം ആരോപിച്ചു. സെക്ടർ 35 ലെ ഗരിമ വിഹാറിൽ താമസിക്കുന്ന 59 കാരനായ രാകേഷ് അറോറയാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച പുലർച്ചെ 3:50 ന് വീട്ടിൽ നിന്ന് ഇറങ്ങി ഒരു ബിസിനസ് മീറ്റിംഗിനായി ബെംഗളൂരുവിലേക്ക് വിമാനം പിടിക്കാൻ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. എയർപോർട്ടിലേക്ക് ഊബർ ബുക്ക് ചെയ്താണ് രാകേഷ് അറോറ പോയത്.
ഡൽഹി നോയിഡ ഡയറക്ട് (ഡിഎൻഡി) ഫ്ലൈവേയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഒരു ടെമ്പോയിലേക്ക് രാകേഷ് സഞ്ചരിച്ച വാഗൺആർ ഇടിച്ചു കയറുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് രാകേഷിന്‍റെ കുടുംബം ആരോപിച്ചു.
പുലർച്ചെ 4:15 ഓടെയാണ് തകർന്ന വാഹനത്തിനുള്ളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറായ 32 വയസ്സുള്ള സുധീർ കുമാറിനെയും രാകേഷ് അറോറയെയും ഉടൻ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും രാകേഷിനെ രക്ഷിക്കാനായില്ല. സുധീർ ഇപ്പോൾ ചികിത്സയിലാണ്. മൊഴി നൽകാനുള്ള ആരോഗ്യം ഇദ്ദേഹം വീണ്ടെടുത്തിട്ടില്ല. അപകടത്തിന് വേറെ സാക്ഷികളുമില്ലെന്നും അന്തിമ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ഊബർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here