
എൻ സി പി സ്ഥാപക നേതാവ് ശരദ് പവാർ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെയെ ആദരിച്ചതിനോട് രൂക്ഷമായാണ് ശിവസേന താക്കറെ പക്ഷം നേതാക്കൾ പ്രതികരിച്ചത്. ഇതോടെ മഹാ വികാസ് അഘാഡി സഖ്യം പൊട്ടിത്തെറിയുടെ വക്കിലാണ്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ “മഹാരാഷ്ട്ര വിരുദ്ധൻ” എന്നും സംസ്ഥാനത്തെ ഒറ്റിക്കൊടുത്ത ദേശവിരുദ്ധനെന്നുമാണ് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ വിമർശിച്ചത്.പവാർ ഷിൻഡെയെ അഭിനന്ദിച്ചതിന് പിന്നാലെയാണ് താക്കറെയുടെ പരാമർശം.
ബുധനാഴ്ച ഡൽഹിയിലെത്തിയ ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റു വാങ്ങിയ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും താക്കറെ സന്ദർശിച്ചു.
2022-ൽ ശിവസേനയെ പിളർത്തി ബിജെപിയുടെ പിന്തുണയോടെ ഉദ്ധവ് താക്കറെയുടെ സർക്കാരിനെ അട്ടിമറിച്ച ഷിൻഡെയ്ക്ക് രാഷ്ട്ര ഗൗരവ് പുരസ്‌കാരം നൽകി ആദരിച്ചത് മഹാ വികാസ് അഘാഡി സഖ്യത്തെ അസ്വസ്ഥമാക്കിയിരുന്നു.
അമിത് ഷായുടെ സഹായത്തോടെ ശിവസേനയെ പിളർത്തിയത് ഷിൻഡെയാണെന്നും ശരദ് പവാറിന്റെ നടപടി ബിജെപി നേതാവിനെ ആദരിക്കുന്നതിന് തുല്യമാണെന്നും സേന (യുബിടി) വക്താവ് സഞ്ജയ് റൗട്ട് കുറ്റപ്പെടുത്തി
നവംബർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന, അജിത് പവാർ നയിച്ച മഹായുതി സഖ്യം 288 സീറ്റുകളിൽ 235 എണ്ണം നേടി ആധിപത്യം സ്ഥാപിച്ചു. പ്രതിപക്ഷമായ എംവിഎയ്ക്ക് 50 സീറ്റുകൾ മാത്രമാണ് നേടാനായത്.
also read: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
ഫെബ്രുവരി 5 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 48 എണ്ണം ബിജെപി നേടിയപ്പോൾ ആം ആദ്മി പാർട്ടി 22 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസാകട്ടെ ഒറ്റ സീറ്റ് പോലും നേടാനാകാതെ നാണംകെട്ടു.
വരാനിരിക്കുന്ന മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സഖ്യത്തിന്റെ ഭാഗമായിട്ടല്ല, സ്വതന്ത്രമായി മത്സരിച്ചേക്കുമെന്ന് സേന (യുബിടി) മുഖപത്രമായ സാമ്‌ന പറഞ്ഞതിനെത്തുടർന്ന് എംവിഎയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്റെ നീക്കം താക്കറെ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

