
കേരളം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് ജനവിധി എന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ പ്രചാരണത്തിന്റെ അവസാന നിമിഷം വരെ ചിട്ടയായ സംഘാടനത്തികവാണ് ഇടതുപാളയം കാഴ്ചവെച്ചത്. വികസനം പറഞ്ഞ്, സർക്കാർ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇടതു സ്ഥാനാർഥികൾ അഭിമാനപൂർവം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. എന്നാൽ മറുവശത്ത് എന്തായിരുന്നു സ്ഥിതി?
സ്ഥാനാർഥി പ്രഖ്യാപനം പോലും നല്ല രീതിയിൽ നടത്താൻ യുഡിഎഫിനോ എൻഡിഎയ്ക്കോ സാധിച്ചില്ല. നിയമസഭാസീറ്റിനായി തമ്മിൽത്തല്ലും പിണങ്ങിപ്പോക്കും സമ്മർദം ചെലുത്തലുമെല്ലാം കേരളം കണ്ടതല്ലേ! തെരഞ്ഞെടുപ്പിന് മുൻപുള്ള അടി കോൺഗ്രസിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ് രസകരം. നേരത്തെ മത്സരിക്കാനുള്ള സീറ്റിനായാണ് തമ്മിൽത്തല്ലെങ്കിൽ ഇപ്പോഴത്തെ അടി മുഖ്യമന്ത്രി കസേരയ്ക്കായാണ്. ഏത് മുഖ്യമന്ത്രി കസേര? ഒരിക്കലും കിട്ടമെന്ന് ഒരുറപ്പുമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രി കസേര!
കോൺഗ്രസിലെ തലതൊട്ടപ്പന്മാരെല്ലാം കസേരയടിയിൽ മുൻപന്തിയിലുണ്ട്. കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്ത തുടങ്ങിയവരെല്ലാം മുഖ്യമന്ത്രിക്കുപ്പായത്തിന്റെ തുന്നൽ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ തങ്ങൾക്കിടയിൽ അങ്ങനെയൊരു ചർച്ചയേയില്ലെന്നാണ് വിഡി സതീശന്റെയും ടീമുന്റെയും വാദം. പക്ഷേ നീലക്കുറുക്കന്മാർ ഇടയ്ക്ക് അറിയാതെ ഓരിയിട്ടുപോകും!
കെസി ടീമിന്റെ പിആർ
ഇപ്പോഴിതാ സമൂഹമാധ്യമങ്ങൾ വഴിയുള്ള പിആർ തിരക്കിലാണ് നേതാക്കന്മാർ. സ്വയം പുകഴ്ത്തലാണ് ഉദ്ദേശം, എങ്ങനെയെങ്കിലും ജനപിന്തുണനേടി, അതുവഴി കസേര കൈക്കലാക്കാമെന്നാണ് ലക്ഷ്യം. കെ സി വേണുഗോപാലിനെ വാഴ്ത്തിയുള്ള ഒരു പോസ്റ്റ് ഇപ്പോൾ വന്നിട്ടുണ്ട്. ‘യുഡിഎഫ് വിജയത്തിനായി കെസി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരിലേക്ക്..!’ എന്നാണ് ക്യാപ്ഷൻ, പോസ്റ്ററിൽ കെ സി കോൺഗ്രസിനും യുഡിഎഫിനും വേണ്ടി ചെയ്ത സത്കർമങ്ങളൊക്കെ എഴുതിച്ചേർത്തിട്ടുണ്ട്.
പക്ഷേ ഏറെ രസകരമായി തോന്നുക കമന്റ് ബോക്സിലേക്ക് ചെന്നാലാണ്. കെസി അനുകൂലികളും വിഡി അനുകൂലികളും ആർസി അനുകൂലികളും തമ്മിലുള്ള തമ്മിൽത്തല്ലാണ് കമന്റിലാകെ! ഇടയ്ക്ക് വി ഡി സതീശൻ ജിയുടെ വാക്കുകൾ ഓർക്കണം കേട്ടോ, നമ്മൾക്കിടയിൽ മുഖ്യമന്ത്രി ചർച്ചയൊന്നുമില്ലേ..! കെസി വേണുഗോപാൽ തന്നെ പറഞ്ഞ് ചെയ്യിപ്പിച്ചതാണ് പോസ്റ്ററെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തെറ്റ് പറയാനാകില്ല.
‘ഈ പറഞ്ഞ കെസി ഈ സീനിൽ ഒന്നിൽ പോലുമില്ല. വെറുതെ എത്ര കിടന്നു മെഴുകിയാലും ജനങ്ങൾക്കിതൊക്കെ മനസിലാകും, കെസി ഒരു കോപ്പും ചെയ്തില്ല, വിഡി സതീശൻ ആണ് കൃത്യതയോടെ കാര്യങ്ങൾ കൈകാര്യങ്ങൾ ചെയ്തത്, കെസി പറഞ്ഞിട്ടൊന്നുമല്ല ഇവിടെ ജനം വോട്ട് ചെയ്തത്…. തറവാട് മുടിച്ചവൻ കത്തുന്ന പുരയിൽനിന്നും കഴുക്കോൽ ഊരാൻ വന്നിരിക്കുന്നു… ഇങ്ങനെ പോകുന്ന കമന്റുകൾ, കെസിയ്ക്ക് പ്രതിരോധം തീർക്കുന്നവരുമുണ്ട് കേട്ടോ കൂട്ടത്തിൽ.
ഇതിനിടയിലാണ് പല്ലുകൊഴിഞ്ഞ, കോൺഗ്രസുകാരുടെ പഴയ സിംഹം കെ സുധാകരന്റെ ഒരു പോസ്റ്റ് എത്തിയത്. മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ സി വേണുഗോപാൽ തന്നെയെന്നങ്ങ് പ്രഖ്യാപിച്ചുകളഞ്ഞു മുതിർന്ന നേതാവ്. അത് തള്ളാനോ പോസ്റ്റ് അനാവശ്യമാണെന്നോ ഒന്നും കെസി വേണുഗോപാൽ പറയാൻ പോയില്ല. പക്ഷേ സണ്ണി ജോസഫ് അടക്കമുള്ളവർ എതിർപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് യുഡിഎഫുകാർക്കും മുറുമുറുപ്പുണ്ട്.
കേരളത്തിന്റെ മുഖം മിനുക്കിയ, വികസനങ്ങളുടെ വസന്തം തീർത്ത എൽഡിഎഫ് സർക്കാർ തന്നെ ഇവിടെ തുടരുമെന്നതിൽ സംശയത്തിന്റെ ഒരണുപോലുമില്ല. ജനങ്ങളുടെ വിധി ഭരണത്തുടർച്ചയ്ക്ക് ആയിരിക്കും. അപ്പോഴാണ്, ഭരിച്ചപ്പോഴെല്ലാം അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യുഡിഎഫ് മലർപ്പൊടിക്കാരന്റെ സ്വപ്നം കാണുന്നത്. അഴിമതിക്കാരായ നിങ്ങളെ ഈ നാട്ടിലെ ജനങ്ങൾ ഭരണം ഏൽപ്പിക്കുമെന്നാണോ കരുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ നിങ്ങൾ പിആർ വർക്കും തമ്മിൽത്തല്ലുമായങ്ങ് ആഘോഷിക്ക്, സ്വന്തം അണികൾക്ക് മുൻപിലെങ്കിലും അപഹാസ്യരാകാതിരിക്കാൻ അൽപ്പം ശ്രദ്ധകണിക്കുന്നത് നല്ലതായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

