
യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇത് ജനാധിപത്യത്തിന്റെ പ്രശ്നമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അത്തരത്തിലൊരു ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പൊതുപണം ചെലവഴിച്ച് നിയോഗിച്ച വിദഗ്ധ സമിതികൾ സ്വന്തം പഠനവും ചിന്തയും വിശകലനവും മാറ്റിവെച്ച് എഐയെ റിപ്പോർട്ട് എഴുതാൻ ഉപയോഗിക്കുന്നുവെങ്കിൽ, ആ റിപ്പോർട്ടിന്റെ ബൗദ്ധിക ഉത്തരവാദിത്തം ആരുടേതാണെന്നും കുറിപ്പിൽ ചോദിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സർക്കാർ കമ്മിറ്റികൾ റിപ്പോർട്ടുകൾ എഴുതാനും ഡാറ്റാ വിശകലനങ്ങൾ യാന്ത്രികമായി നടത്താനും കൃത്രിമ ബുദ്ധിയെ (AI) ആശ്രയിക്കുന്നത് ഒരു സാങ്കേതിക സൗകര്യത്തിന്റെ പ്രശ്നമല്ല; അത് ജനാധിപത്യ ഉത്തരവാദിത്തത്തിന്റെ പ്രശ്നമാണ്. അതിനെ കണക്കുകളുടെ രഹസ്യസ്വഭാവവുമായി കൂട്ടികെട്ടാൻ പാടില്ല. അത് വേറെ പ്രശ്നം.
AI ഉപയോഗത്തെക്കുറിച്ചുള്ള നയരേഖകൾ തന്നെ മുന്നറിയിപ്പ് നൽകുന്നത്, ജനറേറ്റീവ് AI സംവിധാനങ്ങൾ തെറ്റായ വിവരങ്ങൾ സൃഷ്ടിക്കാനും (hallucinations), ഉറവിടങ്ങൾ കെട്ടിച്ചമയ്ക്കാനും, പക്ഷപാതങ്ങൾ പുനരുത്പാദിപ്പിക്കാനും, വിശകലനങ്ങളുടെ യുക്തിശൃംഖല മറച്ചുവെക്കാനും സാധ്യതയുണ്ടെന്നാണ്. അങ്ങനെയിരിക്കെ, പൊതുപണം ചെലവഴിച്ച് നിയോഗിച്ച വിദഗ്ധ സമിതികൾ സ്വന്തം പഠനവും ചിന്തയും വിശകലനവും മാറ്റിവെച്ച് AI-യെ റിപ്പോർട്ട് എഴുതാൻ ഉപയോഗിക്കുന്നുവെങ്കിൽ, ആ റിപ്പോർട്ടിന്റെ ബൗദ്ധിക ഉത്തരവാദിത്തം ആരുടേതാണ്? ഒരു നയ ശുപാർശ തെറ്റാണെങ്കിൽ അതിന് മറുപടി പറയേണ്ടത് സമിതിയോ, അതോ ഒരു ആൽഗോരിതമോ?
ALSO READ:പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
ഒരു കമ്മിറ്റി റിപ്പോർട്ട് വെറും വാചകങ്ങളുടെ സമാഹാരമല്ല. അത് തെളിവുകളുടെ വിമർശനാത്മക പരിശോധനയും, വ്യത്യസ്ത നിലപാടുകളുടെ തൂക്കിനോക്കലും, മൂല്യവിധികളും, പൊതുതാൽപര്യത്തെക്കുറിച്ചുള്ള മനുഷ്യനിർണ്ണയവുമാണ്. AI-യ്ക്ക് അവ ചെയ്യാനാവില്ല; അത് നിലവിലുള്ള പാഠഭാഗങ്ങളും വിശകലനങ്ങളും പുനഃസംയോജിപ്പിക്കുകയാണ് പ്രാഥമികമായി ചെയ്യുന്നത്. അതിനാൽ സർക്കാർ കമ്മിറ്റികൾ AI ഉപയോഗിച്ച് ഡാറ്റാ വിശകലനങ്ങൾ യാന്ത്രികമായി നടത്തുന്നതും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും ഗവേഷണത്തിന്റെ നിലവാരം ഉയർത്തുന്നില്ല;
മറിച്ച് ഉത്തരവാദിത്വങ്ങൾ ദുർബലപ്പെടുത്തുകയും പൊതുനയ നിർമ്മാണത്തെ ഒരു “ബ്ലാക്ക് ബോക്സ്” പ്രക്രിയയാക്കി മാറ്റുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ, ഇന്ത്യയിലെ ഒരു സർവകലാശാലയും AI ഉപയോഗിച്ച് എഴുതിയ ഒരു തീസീസോ അസൈൻമെന്റോ അനുവദിക്കരുത് എന്ന് കൃത്യമായ UGC നയരേഖയുണ്ട്. അത് ശിക്ഷാനടപടികൾ ക്ഷണിച്ച് വരുത്തുകയും ചെയ്യും. ജനാധിപത്യത്തിൽ നയരേഖകൾ യന്ത്രങ്ങൾ എഴുതേണ്ടതല്ല. മനുഷ്യരാണ് എഴുതേണ്ടത്. സ്വന്തം പേരിലും സ്വന്തം ഉത്തരവാദിത്തത്തിലും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

