ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ്;കണ്ണട പോലീസ് പിടിച്ചെടുത്തു

കാസർഗോഡ് ഉദുമയിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ്. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റായ ബി.എം. ജമാലാണ് സ്പൈ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്ത് പ്രവേശിച്ചത്. പോളിംഗ് നടപടികൾക്കിടെ ഇദ്ദേഹത്തിന്റെ കണ്ണടയിൽ അസ്വാഭാവികത തോന്നിയ മറ്റ് ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ബേക്കൽ പോലീസ് സ്ഥലത്തെത്തി ബി.എം. ജമാലിനെ തടയുകയും പരിശോധനയ്ക്ക് ശേഷം ക്യാമറ ഘടിപ്പിച്ച കണ്ണട കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്. രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന്റെയോ മറ്റ് നടപടികളുടെയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം.

ഇടതുപക്ഷ മുന്നണി (എൽഡിഎഫ്) പ്രവർത്തകർ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ഇവർ വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ സാധാരണ കണ്ണടയാണെന്നും ക്യാമറയുണ്ടെന്ന് അറിയില്ലായിരുന്നുവെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രാഥമിക വിശദീകരണം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. കണ്ണടയിലെ മെമ്മറി കാർഡ് പരിശോധിച്ച് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള നടപടികൾ വരണാധികാരിയുടെ നിർദ്ദേശപ്രകാരം സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News