
കേരളത്തിൽ അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് കേരള ജനതയ്ക്ക് ഗുണം ചെയ്ത ഓരോ പദ്ധതികളായി നിർത്തലാക്കുകയെന്നതാണ്. ഓരോന്നിൻ്റേയും കടയ്ക്കൽ കത്തി വെച്ചാണ് അവർ മുന്നോട്ട് പോകുന്നത്. ലൈഫ് ഉൾപ്പെടെയുള്ള പദ്ധതികൾ നിർത്തലാക്കാനുള്ള നീക്കത്തിലേക്കാണ് അവർ. ഇപ്പോഴിതാ പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്കായുള്ള മെൻ്റർ ടീച്ചർമാരുടെ സേവനം യു ഡി എഫ് സർക്കാർ നിർത്തലാക്കി.
സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ് സർക്കാർ നിർത്തിയതോടെ ഉന്നതി കുട്ടികളുടെ ക്ലാസും നിലച്ചിരിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേനെ അറിയിച്ചത്. ഇതോടെ അട്ടപ്പാടിയിലെ 23 മെന്റർ ടീച്ചർമാരും തൊഴിൽ രഹിതരായി. 2017ൽ മന്ത്രിയായിരുന്ന എ കെ ബാലനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്.
Also read: വി.ഡി. സതീശന് കറുപ്പിനെ പേടിയോ? കറുത്ത ഫ്ലെക്സിന്റെ പേരിൽ കേരള ഹൗസ് ജീവനക്കാർക്ക് നോട്ടീസ്
ഗോത്ര ഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചവരാണ് ഉന്നതിയിലെ കുട്ടികൾ. ഇവർ സ്കൂളിൽ എത്തുന്നതോടെ മലയാളം അടക്കമുള്ള ഭാഷകളിൽ പഠനം നടത്തേണ്ടി വരുന്നത് പഠന മുപേക്ഷിക്കാൻ പ്രേരണയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ടിടിസി കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് മികച്ച ഒരു തൊഴിൽ അവസരം കൂടിയായിരുന്നു. ഭാഷ മനസ്സിലാകാത്ത കുട്ടികളെ സംസ്ഥാന പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നത് മെന്റർ ടീച്ചർമാരാണ്. ഇവരുടെ പ്രവർത്തനം നിലച്ചതോടെ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞുപോക്ക് വർധിക്കാനും പഠന നിലവാരം ഇടിയാനും വഴിവയ്‌ക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

