
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ലീവ് സറണ്ടർ വെട്ടി യു ഡി എഫ് സർക്കാർ. 2026 മെയ് 31 വരെ നിയന്ത്രണങ്ങളോടെ ലീവ് സറണ്ടർ മുൻ സർക്കാർ അനുവദിച്ചിരുന്നു. ജൂൺ ഒന്നുമുതലുള്ള ലീവ് സറണ്ടർ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മതിയെന്ന് ധനവകുപ്പ്. പുതിയ ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് ലീവ് സറണ്ടർ അനുവദിച്ചാൽ കർശന നടപടി എന്നും ഉത്തരവിൽ മുന്നറിയിപ്പ്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അനുബന്ധ സ്ഥാപനത്തിലെ ജീവനക്കാർക്കും ആർജിത അവധി സറണ്ടർ ചെയ്യുന്നതിലാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ ചെക്ക് വെച്ചിരിക്കുന്നത്. 2026 – 27 സാമ്പത്തിക വർഷത്തെ ആർജിത അവധിയുടെ പീരിയോഡിക്കൽ സറണ്ടർ അതായത് ലീവ് സറണ്ടർ മെയ് 31 വരെ നിയന്ത്രണങ്ങളോടെ കഴിഞ്ഞ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇനി സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജൂൺ ഒന്നുമുതലുള്ള ലീവ് സറണ്ടർ അനുവദിക്കാൻ പാടുള്ളൂ എന്നാണ് ധനകാര്യ വകുപ്പിന്റെ കർശന നിർദേശം. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവും പുറത്തിറക്കി. വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ തുടങ്ങി സംസ്ഥാന സർക്കാർ രൂപീകരിച്ചതും നിയന്ത്രിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്. നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്നത് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഉത്തരവിൽ നിന്ന് വ്യത്യസ്തമായി ലീവ് സറണ്ടർ ജൂണിൽ അനുവദിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും എന്നതാണ് ഉത്തരവിലെ മുന്നറിയിപ്പ്. എന്നാൽ പുതിയ ഉത്തരവ് എപ്പോൾ ഇറക്കും എന്നതിൽ ധനവകുപ്പ് വ്യക്തത വരുത്തുന്നില്ല. ഒരു ഭാഗത്ത് പ്രിയദർശിനിയിലൂടെ സർക്കാർ ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ, മറുഭാഗത്ത് സർക്കാർ ജീവനക്കാരുടെയും സാധാരണക്കാരുടെയും ആനുകൂല്യങ്ങളിൽ കടുംവെട്ടിനാണ് സർക്കാർ നീക്കം എന്നതാണ് ഓരോ നടപടികളും വ്യക്തമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

