
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ യു ഡി എഫില്‍ അംഗമാക്കുന്നതിനും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ നേടിയതിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുന്നിസംഘടന. യു ഡി എഫിലെ പ്രധാനികളായ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെയാണ് വിമര്‍ശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ് എസ് എഫ് രംഗത്തെത്തിയത്. ‘നിലമ്പൂര്‍: ആരാണ് ഒരുപണത്തൂക്കം മുന്നില്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടനയുടെ മുഖവാരികയായ രിസാലയിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനമുള്ളത്.
ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടി രാഷ്ട്രീയം പയറ്റുന്ന യു ഡി എഫിന് എങ്ങനെയാണ് സംഘപരിവാര്‍ ആശയങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുക എന്ന ചോദ്യമാണ് എസ് എസ് എഫ് ഉന്നയിക്കുന്നത്. ജമാഅത്ത് രാഷ്ട്രീയത്തെ ഒരുകാലത്ത് ശക്തമായി എതിര്‍ത്ത ലീഗാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബാന്ധവത്തിലേര്‍പ്പെടുന്നതിന് മുന്‍കൈയെടുക്കുന്നതെന്നും വിമര്‍ശനമുണ്ട്.
Read Also: ‘ജമാഅത്തെ കുതന്ത്രങ്ങളു’മായി യുഡിഎഫ് ; വര്‍ഗീയവാദികളെ ഒപ്പം കൂട്ടുന്നവരെ ജനം തിരുത്തും
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സാഹോദര്യയാത്രയ്ക്ക് സ്വീകരണം നല്‍കി പരസ്യമായി തന്നെ ജമാഅത്ത് ബന്ധം ലീഗ് പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘപരിവാര്‍ നരേഷനുകളെ സഹായിക്കുന്ന മുസ്ലിം സമുദായത്തെ മൊത്തത്തില്‍ വര്‍ഗീയ ചാപ്പയടിക്കാന്‍ ആര്‍ എസ് എസിന് ഏണിവെച്ച് കൊടുക്കുന്ന പണിയാണ് ഇപ്പോള്‍ ലീഗ് എടുത്തിരിക്കുന്നത്. ജമാഅത്ത് രാഷ്ട്രീയത്തിന്റെ അപകടം ലീഗ് സൗകര്യപൂര്‍വം മറന്നിരിക്കുന്നു. ഹിന്ദുത്വ വര്‍ഗീയതയും മൂല്യങ്ങള്‍ നിഷ്പ്രഭമാക്കപ്പെട്ട രാഷ്ട്രീയവുമാണ് ഇന്നത്തെ വലിയ ഭീഷണികള്‍. പ്രസ്തുത പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ബദലുകള്‍ ഉയര്‍ത്താന്‍ പ്രാപ്തിയുള്ളവര്‍ ആര് എന്നതിന്റെ പരിശോധനയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം മാറേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

