
പൊള്ളയായ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രകടന പത്രികയുമായി യുഡിഎഫ്. കൊച്ചിയിലായിരുന്നു യു ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. എൽ ഡി എഫ് സർക്കാർ യാഥാർഥ്യമാക്കിയ പല പദ്ധതികളും പേര് മാറ്റി യു ഡി എഫ് പ്രകടന പത്രികയിൽ അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വാരിക്കോരി വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് കേരളത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്ത യു ഡി എഫ് പ്രകടന പത്രിക ഏറ്റുവാങ്ങിയത്. യുഡിഎഫ് ഭരണകാലത്ത് 18 മാസത്തെ ക്ഷേമപെൻഷൻ കുടിശികയായിരുന്നുവെന്ന യാഥാർഥ്യം നിലനിൽക്കെയാണ് ക്ഷേമപെൻഷൻ ഉയർത്തുമെന്ന യു ഡി എഫ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം എൽ ഡി എഫ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചപ്പോൾ ജിസിസികൾ വരുന്ന കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല 2031ഓടെ 200 ജിസിസികൾ സ്ഥാപിക്കുമെന്ന് എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുമുണ്ട്. ഇതിരിക്കെ ജനങ്ങളെ കബളിപ്പിക്കുന്ന ഇതുമായി ബന്ധപ്പെട്ട വാഗ്ദാനവും യുഡിഎഫ് പ്രകടന പത്രികയിൽ തിരുകി കയറ്റി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ ഇടതു സർക്കാർ കിഫ്ബി വഴി ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നിരിക്കെ കിഫ്ബിയും കേരള ബാങ്കും പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയെ എതിർത്ത യുഡിഎഫുകാർ പദ്ധതിയുടെ പേര് മാറ്റി ‘റെയിൽവെ ഹൈസ്‌പീഡ് കോറിഡോർ’ ആരംഭിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യശ്രദ്ധയകാർഷിച്ച സമൃദ്ധി@കൊച്ചിയുടെ അതേ മാതൃക പകർത്തി ഇന്ദിര കാന്റീൻ പദ്ധതിയും പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗത്തിന് ബദലായി കോൺഗ്രസ് നിർദേശിച്ച 25 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി രാജസ്ഥാനിൽ മുൻപ് പാളിപ്പോയ പദ്ധതിയാണ്. അശോക് ഗെലോട്ടിന്റെ നേതൃ ത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 2021ൽ ആരംഭിച്ച 25 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിയായ ‘മുഖ്യമന്ത്രി ചിരഞ്ജീവി യോജന’ പ്രഖ്യാപിച്ച ലക്ഷ്യങ്ങളൊന്നും നേടിയിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

