അൻവറിനെ തനിക്കാക്കി വെടക്കാക്കാൻ യുഡിഎഫ്; ഷൗക്കത്ത് ലക്ഷ്യമിടുന്നത് എന്ത് ?

നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് കാഹളം ഉയർന്നെങ്കിലും പോരാട്ടചിത്രം വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് യു.ഡി.എഫ് രംഗത്തിറങ്ങി. എന്നാൽ പി വി അൻവർ ഉയർത്തുന്ന കാറുംകോളും ഇപ്പോഴും യു.ഡി.എഫിന് മുകളിലുണ്ട്. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതോടെ, അൻവർ മത്സരരംഗത്തിറങ്ങുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ അൻവർ പിടിക്കുന്ന വോട്ടുകൾ തിരിച്ചടിയാകുമോയെന്ന് യുഡിഎഫ് ആശങ്കപ്പെടുന്നു. യു.ഡി.എഫ് അംഗത്വത്തിനായി കത്ത് നൽകി അഞ്ച് മാസമായിട്ടും, അതിൽ തീരുമാനമെടുക്കാത്തതും അൻവറിന്‍റെ ആവശ്യം കണക്കിലെടുക്കാതെ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലൂടെയും യുഡിഎഫ് നൽകുന്ന സന്ദേശം മറ്റൊന്നാണ്. അൻവറിനെ തനിക്കാക്കി വെടക്കാക്കുകയെന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്ന് അൻവർ അനുകൂലികൾ പറയുന്നു.

സ്വന്തം പാർട്ടിയായ തൃണമൂൽ നേതൃത്വത്തെ ഇറക്കിയുള്ള സമ്മർദ്ദതന്ത്രമാണ് അൻവറിന്‍റെ അവസാന പ്രതീക്ഷ. അൻവർ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് തൃണമൂൽ യുഡിഎഫിന് നൽകിയിരിക്കുന്ന അന്ത്യശാസനം. അല്ലാത്തപക്ഷം അൻവർ മത്സരിക്കുമെന്നും തൃണമൂൽ വ്യക്തമാക്കുന്നു. യു.ഡി.എഫ് അംഗത്വത്തിനായി കത്ത് നൽകി അഞ്ച് മാസമായിട്ടും പരിഗണിക്കാത്തതിലുള്ള പരിഭവവും തൃണമൂൽ നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്.

ALSO READ: മമ്മൂട്ടിയുടെ ‘വാത്സല്യം’ വീണ്ടും; പുതിയ പദ്ധതിയില്‍ 100 കുട്ടികള്‍ക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ

യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് വരുന്നതിനെ ശക്തമായി എതിർക്കുകയാണ് അൻവർ. നിലമ്പൂരിൽ ഷൗക്കത്ത് മത്സരിക്കുന്ന സാഹചര്യം അൻവറിന്‍റെ രാഷ്ട്രീയഭാവി തന്നെ ഇല്ലാതാക്കും. സിപിഐഎം സ്വതന്ത്രനാകാൻ നടന്ന ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് അൻവർ യു.ഡി.എഫ് നേതൃത്വത്തോട് മാത്രമല്ല, ലീഗ് നേതാക്കളോടും സ്വകാര്യമായി ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ ഇതൊന്നും വകവെക്കാതെ അൻവറിനെ കറിവേപ്പിലയാക്കാനാണ് യു.ഡി.എഫിന്‍റെ നീക്കം.

നിലമ്പൂരിലെ ആര്യാടൻ പെരുമ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് ഷൗക്കത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നരപ്പതിറ്റാണ്ടോളം പിതാവ് ആര്യാടൻ മുഹമ്മദ് കുത്തകയാക്കിവെച്ച മണ്ഡലമാണ് നിലമ്പൂർ. എന്നാൽ 2016ൽ അൻവറിനോട് തോറ്റതോടെ, നിലമ്പൂരിലെ ആര്യാടൻ കുത്തക തുടരാനാകാതെ രാഷ്ട്രീയവനവാസത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ഷൗക്കത്ത്. 2021ൽ ആകട്ടെ സീറ്റ് ലഭിച്ചതുമില്ല. പുതിയ സാഹചര്യത്തിൽ സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചതോടെ, ചിരവൈരിയായ അൻവറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാമെന്ന കണക്കുകൂട്ടലും ഷൗക്കത്തിനുണ്ട്.

രാഷ്ട്രീയ ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന അൻവർ സ്വീകരിക്കുന്ന നിലപാടുകൾ എന്തുതന്നെയായാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കുമോയെന്ന് കണ്ടുതന്നെ അറിയണം. എൽഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചപ്പോൾ മാത്രമാണ്, അൻവറിന് നിലമ്പൂരിൽ ജയിക്കാനായത് എന്ന വസ്തുത കാണാതിരിക്കാനാകില്ല. ഏതായാലും, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, ഷൗക്കത്തിനും അൻവറിനും ഏറെ നിർണായകമായി മാറുമെന്ന് ഉറപ്പായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News