
കാത്തിരുന്ന ആവേശപോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജർമനും, ഇറ്റാലിയൻ വമ്പന്മാർ ഇന്റർമിലാനും നേർക്കുനേർ പോരാട്ടത്തിറങ്ങുന്നു. സ്പാനിഷ് തന്ത്രജ്ഞൻ ലൂയിസ് എൻറിക്‌യുടെ കീഴിൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്ന നേട്ടത്തിന് തൊട്ടരികിലാണ് പിഎസ്ജി. അതേസമയം ഇന്റർമിലാനാകട്ടെ, യൂറോപ്പിൽ നഷ്ടപ്പെട്ട പ്രതാപം തങ്ങളുടെ നാലാം കിരീട നേട്ടത്തിലൂടെ തിരിച്ചുപിടിക്കണം എന്ന വാശിയിലും. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ. 2004 ന് ശേഷം ഇത് ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളില്ലാത്ത ഒരു ഫൈനൽ എത്തുന്നത്. മറ്റൊന്ന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാംപ്യൻസ് ലീഗ് കിരീടത്തിനായുള്ള പിഎസ്ജി യുടെ കാത്തിരിപ്പ് അവസാനിക്കുമോ എന്നതാണ്. ഇന്ന് യൂറോപ്പിൽ സാമ്പത്തിക ഭദ്രത ഏറ്റവും കൂടുതൽ ഉള്ള ക്ലബ്ബ്കളിൽ ഒന്നാണ് പിഎസ്‌ജി. യൂറോപ്യൻ കിരീടത്തിനായി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ തന്നെ വൻ തുക മുടക്കി അവർ ക്ലബ്ബിലെത്തിച്ചെങ്കിലും ലക്ഷയത്തിലെക്കെത്താൻ മാത്രം സാധിച്ചില്ല. അവിടെയാണ് ഒരു പിടി യുവതാരങ്ങളുമായി ലൂചോയുടെ കീഴിൽ അവർ സ്വപ്നനേട്ടത്തിന് തൊട്ടരികിൽ എത്തി നിൽക്കുന്നത്. ഖ്വിച്ച ക്വാരാറ്റ്സ്ഖേലിയ, ബ്രാഡ്‌ലി ബാർക്കോല, , ഉസ്മാൻ ഡെംബെലെ തുടങ്ങിയവർ നയിക്കുന്ന ആക്രമണം തന്നെയാണ് പിഎസ്ജി യുടെ കരുത്ത്.
ALSO READ: മുംബൈ ഉയർത്തിയ റൺമലയ്ക്ക് മുമ്പിൽ അടിപതറി ഗുജറാത്ത് ടൈറ്റൻസ്
അതേസമയം 2023 ൽ മാഞ്ചസ്റ്റർ സിറ്റിയോട് ഫൈനലിൽ പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കുക എന്ന ലക്ഷ്യവുമായാണ് ഇന്റർമിലാന്റെ വരവ് . ഒരുകാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നായിരുന്ന ഇന്റർ എന്നാൽ പിന്നീട് ചിത്രത്തിൽ നിന്നും മാഞ്ഞു പോവുകയായിരുന്നു. നാലാം കിരീടത്തോടെ നഷ്ടപ്പെട്ട ആ പ്രതാപകാലത്തേക്ക് വീണ്ടും കാലെടുത്തുവെക്കുക എന്നത് തന്നെയാണ് ഇന്റർ ലക്ഷ്യം വെക്കുന്നത്. പ്രത്യേകിച്ച് സിനിമാറ്റിക് ക്ലൈമാക്സിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ തോൽപ്പിച്ച വന്ന സാഹചര്യത്തിൽ. പ്രതിരോധം തന്നെയാണ് ഇന്ററിന്റെ കരുത്ത്. 3-5-2 ഫോർമേഷനിൽ കളത്തിലിറങ്ങുന്ന ഇന്റർ നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധമാണ് കോച്ച് സിമോണെ ഇൻസാഗിയുടെ കീഴിൽ കെട്ടിപ്പടുത്തിരിക്കുന്നത്. ലീഗ് ഘട്ടത്തിൽ ആകെ 11 ഗോളുകൾ മാത്രമാണ് ഇന്റർ വഴങ്ങിയതെന്നതും ശ്രദ്ധേയമാണ്. അവസാനമായി ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് 2009-2010 സീസണിലായിരുന്നു. അതിനു മുൻപ് 1963-64, 1964-65 സീസണുകളിലും.
ജർമൻ ക്ലബ് ബയേൺ മ്യുണിക്കിന്റെ ഹോം ഗ്രൗണ്ട് ആയ അലയൻസ് അരീനയിൽ ആണ് മത്സരം ഫൈനൽ മത്സരം അരങ്ങേറുന്നത്. 2012-ന് ശേഷം ഇത് രണ്ടാം തവണയാണ് ഈ സ്റ്റേഡിയം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുൻപ് 1979, 1993, 1997 വർഷങ്ങളിൽ മ്യൂണിക്കിലെ ഒളിമ്പ്യാസ്റ്റേഡിയവും ഫൈനലിന് വേദിയായിട്ടുണ്ട്. ജർമ്മനിയിൽ നടക്കുന്ന ഒമ്പതാമത്തെ യൂറോപ്യൻ കപ്പ് ഫൈനൽ കൂടിയാണ് ഇന്റർ – പിഎസ്ജി ഫൈനൽ മത്സരം.
ഇറ്റാലിയൻ ക്ലബ്ബുകൾക്ക് ജർമ്മനിയിലെ ഫൈനലുകളിൽ വിജയിക്കാനാവാത്ത ഒരു റെക്കോർഡ് കൂടി ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് ചർച്ചയാകുന്നുണ്ട്,. ജർമ്മനിയിൽ നടന്ന യൂറോപ്യൻ ഫൈനലുകളിൽ ഒരു ഇറ്റാലിയൻ ടീമിണ് പോലും ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ല. ഈ ‘ശാപം’ ഇന്റർ മിലാൻ ഇത്തവണ അവസാനിപ്പിക്കുമോ എന്നതാണ് ഒരു പ്രധാന ചോദ്യം. ഫൈനലിലെ മറ്റൊരു പ്രധാന ആകർഷണം കിക്ക് ഓഫ് ഷോയിൽ പ്രമുഖ അമേരിക്കൻ റോക്ക് ബാൻഡായ ലിങ്കിൻ പാർക്കിന്റെ സംഗീതപരിപാടിയാണ്.
ഇന്ത്യൻ സമയം ഞായാഴ്ച രാത്രി 12.30നാണ് ഫൈനൽ മത്സരം .ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന ഏഴാമത്തെ പോരാട്ടമാണ് ഞായറാഴ്ച രാത്രി നടക്കുന്നത്. അതിൽ ഇന്റര്‍ മൂന്ന് കളികളിൽ യില്‍ ജയിച്ചപ്പോള്‍ പി എസ് ജിക്ക് ജയിക്കാനായത് ഒരിക്കല്‍ മാത്രം. രണ്ട് മത്സരങ്ങൾ സമനിലയിലും. ഏതായാലും കാത്തിരുന്നു കാണാം ആര് നേടുമെന്നും , ആര് വീഴുമെന്നും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

