
യുജിസി കരട് ചട്ടങ്ങൾ 2025 സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്ന ഔദ്യോഗിക റിപ്പോർട്ട്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (UGC) ചെയർമാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറിയ്ക്കും സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷയായ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെല്ലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2025 മാർച്ച് 11-ന് SLQAC കേരള തിരുവനന്തപുരത്ത് വച്ചു സംഘടിപ്പിച്ച സംവാദത്തിൽ നിന്നുള്ള പരിപ്രേക്ഷ്യങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് റിപ്പോർട്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ച ഏകദിന സംവാദത്തിൽ KCHR ചെയർമാൻ ഡോ കെഎൻ ഗണേഷ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, കരട് യുജിസി ചട്ടങ്ങൾ സംബന്ധിച്ചു പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച പ്രൊഫ പ്രഭാത് പട്നായിക്ക്, കമ്മിറ്റി അംഗം ഡോ വാണി കേസരി എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൂടാതെ അധ്യാപക സംഘടനകൾ, അനധ്യാപക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ, വിവിധ സർവകലാശാലകളിലെ സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ALSO READ; കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ
ചർച്ചകൾക്കിടയിൽ പ്രതിപാദിച്ച പ്രധാന വിഷയങ്ങൾ:
- സർവകലാശാലകളുടെ സ്വയംഭരണത്തിനുള്ള സംരക്ഷണം – സർവകലാശാലകളുടെ അക്കാദമിക, ഭരണപരമായ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യാവശ്യം.
- ഫെഡറൽ തുലനാവസ്ഥ ഉറപ്പാക്കൽ – കേന്ദ്രഭരണത്തിന്റെ അധികാരം വ്യാപകമാക്കുന്നതിലെ ആശങ്കകൾ ഉയർത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് നിലനിർത്തുന്നതിന് ആവശ്യമായ സംരക്ഷണം.
- എല്ലാവരെയും ഉൾകൊള്ളുന്ന നയരൂപീകരണം – കരട് ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകും മുൻപ് വിവിധ മേഖലയിലെ എല്ലാ ഭാഗധാരികളുടെയും അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾക്ക് മുൻഗണന നൽകണം.
- അധ്യാപക, അധ്യാപകേതര ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ – സർവീസ് നിബന്ധനകളും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുക.
- അക്കാദമിക നിലവാരവും പ്രവേശന സൗകര്യവും മെച്ചപ്പെടുത്തൽ – ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ചട്ടങ്ങൾ രൂപപ്പെടുത്തണം.
റിപ്പോർട്ട് അംഗീകരിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി, അക്കാദമിക ഔന്നത്യം, സ്ഥാപനങ്ങളുടെ സ്വതന്ത്ര നിലപാട്, വിദ്യാഭ്യാസത്തിൽ സാമൂഹിക നീതി എന്നിവ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെയും യുജിസിയുടെയും പ്രതിബദ്ധത ആവർത്തിച്ചു. യുജിസിയും വിദ്യാഭ്യാസ മന്ത്രാലയവും ഈ ചട്ടങ്ങൾ പുനപരിശോധിച്ച്, കേരളം നിർദ്ദേശിച്ച ശുപാർശകൾ ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here