
‘അഗ്ലി-ക്യൂട്ട്’ എന്ന് വിശേഷിപ്പിക്കുന്ന ലബുബു ഡോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാണ്. സെലിബ്രിറ്റികൾക്കിടയിൽ പ്രിയങ്കരനുമായി മാറിക്കൊണ്ടിരിക്കുന്ന ഈ പാവക്കുട്ടി ഫാഷൻ ട്രെൻഡുകളുടെ ഒരു പുതിയ തരംഗത്തിന് തിരികൊളുത്തി. ഇതിലൂടെ ഫോബ്‌സിന്റെ റിയൽ-ടൈം ബില്യണയർ പട്ടിക പ്രകാരം, പോപ്പ് മാർട്ട് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സിഇഒ വാങ് നിങ് ഇപ്പോൾ ചൈനയിലെ പത്ത് ധനികരിൽ ഒരാളായി മാറിയിരിക്കുകയാണ്.
ഹോങ്കോംഗ് കലാകാരനായ കാസിംഗ് ലാങ് ആണ് ലബുബു പാവക്കുട്ടികളെ നിർമ്മിച്ചത്. ഈ പാവകൾ ആദ്യമായി വിപണിയിലെത്തുന്നത് 2015 ലാണ്. ചൈനീസ് കളിപ്പാട്ട ഭീമനായ പോപ്പ് മാർട്ടുമായുള്ള സഹകരണത്തിനുശേഷമാണ് 2019ൽ ലബുബു പാവകളുടെ വിൽപ്പന കുതിച്ചുയർന്നത്. പോപ്പ് മാർട്ടിന്റെ വളർച്ചയ്ക്ക് ലബുബു പാവകൾ നിർവഹിച്ച പങ്ക് ചെറുതല്ല. 2024-ൽ കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 188 ശതമാനം വർധിച്ചതായും മൊത്തം വിൽപ്പന മുൻ വർഷത്തേക്കാൾ ഇരട്ടിയിലധികം വർദ്ധിച്ച് ഏകദേശം 13 ബില്യൺ യുവാൻ (ഏകദേശം 1.8 ബില്യൺ ഡോളർ) എത്തിയതായും റിപ്പോർട്ട് പറയുന്നു.
20 മുതൽ 30 ഡോളർ വരെ വിലയുള്ള ലബുബു പാവകളെ “ബ്ലൈൻഡ് ബോക്സ് രീതിയിലാണ് വിൽക്കുന്നത്. അൺബോക്സിംഗ് ചെയ്തതിനുശേഷം മാത്രമേ ഈ രീതിയിൽ വാങ്ങുന്നവർക്ക് ഏത് ഡിസൈൻ ലഭിച്ചുവെന്ന് കണ്ടെത്താനാകൂ. ഇതിനൊരു സർപ്രൈസ് എലമെന്റ് ഉള്ളത് കൊണ്ട് തന്നെ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ബ്ലൈൻഡ് ബോക്സ് ട്രെൻഡ് വൈറലാവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here