
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടനും (IWA GB), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുണൈറ്റഡ് കിംഗ്ഡവും (SFI UK) സംയുക്തമായി പാർലമെന്ററി ലോബി സംഘടിപ്പിക്കുന്നു. എംപിമാരുമായാണ് ചർച്ച. യുകെ പാർലമെന്റിൽ വെച്ച് ജൂൺ 15 തിങ്കളാഴ്ച ലണ്ടൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ പാർലമെന്റിലെ കമ്മിറ്റി റൂം 12-ലാണ് ചർച്ച നടക്കുക.
യുകെയിലെ ഇമിഗ്രേഷൻ, നാഷണാലിറ്റി നിയമങ്ങളിൽ നീതിയുക്തമായ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് ചർച്ച സംഘടിപ്പിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇമിഗ്രേഷൻ പോളിസിയിലെ മാറ്റങ്ങളും അത് എങ്ങനെ ആരോഗ്യ പ്രവർത്തകർ, കെയർ ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരെ ബാധിക്കുന്നത് എന്നിവയെല്ലാം യോഗത്തിൽ എംപിമാരുമായി സംസാരിക്കും. ഇവരുടെ ആശങ്കകളും നിർദേശങ്ങളും എംപിമാർ വഴി സർക്കാർ തലത്തിലേക്ക് എത്തിക്കാനാണ് പാർലമെന്ററി ലോബി സംഘടിപ്പിക്കുന്നത്.
നീതിയുക്തവും മാനുഷികവും ഫലപ്രദവുമായ ഇമിഗ്രേഷൻ നയങ്ങൾ നടപ്പിലാക്കണമെന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ആവശ്യം. കുടിയേറ്റക്കാർ നേരിടുന്ന വിവേചനങ്ങൾക്കെതിരെയും അവരുടെ അവകാശങ്ങൾക്കായും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടനും സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുണൈറ്റഡ് കിംഗ്ഡവും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ (ILR) അഥവാ സ്ഥിര താമസാനുമതി ലഭിക്കുന്നതിലെ തടസങ്ങൾ നീക്കി നീതി ഉറപ്പാക്കണമെന്നും കുടിയേറ്റക്കാരുടെ ജീവിതത്തിൽ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.
തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും അധികാരികളിൽ എത്തിക്കുന്നതിനായുള്ള ഈ കൂട്ടായ പരിശ്രമത്തിൽ എല്ലാ കുടിയേറ്റ വിഭാഗങ്ങളും ഭാഗമാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ചർച്ചയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കും കൂടുതൽ കാര്യങ്ങൾ അറിയാൻ താത്പര്യമുള്ളവർക്കും +44 7533289388 എന്ന നമ്പറിലോ +44 796611553 എന്ന നമ്പറിലോ ബന്ധപ്പെടാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

